കൊച്ചി: ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ നടന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായി എന്ന കണ്ടെത്തലോടെയാണ് നടപടി. എന്നാല്‍ മോഹന്‍ലാലിന് വീണ്ടും ലൈസന്‍സിന് അപേക്ഷിക്കാന്‍ തടസമില്ല. 2011 ഡിസംബ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസന്‍സ് രേഖകള്‍ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു.
2015-ല്‍ പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കേസ് പിന്‍വലിക്കാനുളള നടപടിയും അന്നത്തെ സര്‍ക്കാര്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുളള ലൈസന്‍സ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ നടപടി ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ലൈസന്‍സ് അനുവദിക്കാനുളള സര്‍ക്കാരിന്റെ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവുണ്ടായി എന്നാണ് കണ്ടെത്തല്‍.

















