തൃശൂര്‍: നാട്ടില്‍ ഓണവില്‍പന ലക്ഷ്യമിട്ട് പൂകൃഷി വ്യാപകമായതോടെ നഗരത്തില്‍ മറുനാടന്‍ പൂക്കള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. ചേര്‍പ്പ്, ,താണിക്കുടം, തിരൂര്‍, മുള്ളൂര്‍ക്കര, നെടുപുഴ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂകൃഷിയില്‍ വിളവെടുപ്പ് നടന്നത്. പലയിടത്തും ചെണ്ടുമല്ലിയും, വാടാമല്ലിയും, ജമന്തിയും നട്ടുവളര്‍ത്തിയിരുന്നു. പൂകൃഷിക്ക് ഇത്തവണ കൃഷിവകുപ്പും സഹകരണം നല്‍കിയിരുന്നു.
തേക്കിന്‍കാട് മൈതാനത്ത് ഇത്തവണ വന്‍തോതിലാണ് വില്‍പനയ്ക്കായി മറുനാടന്‍ പൂക്കള്‍ എത്തിച്ചത്. വൈകീട്ടും പൂക്കള്‍ വാങ്ങാന്‍ തിരക്കില്ല. മുന്‍വര്‍ഷങ്ങളില്‍ അത്തം നാളിന്റെ തലേന്ന് രാത്രിയാകുമ്പോഴേക്കും പൂക്കളെല്ലാം വിറ്റുതീരാറുള്ളതാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
അടുത്ത ദിവസങ്ങളില്‍ പൂക്കള മത്സരങ്ങള്‍ വരുന്നതോടെ ഡിമാന്‍ഡുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഈ വര്‍ഷം നല്ല ലാഭം ലക്ഷ്യമിട്ട് പൂക്കള്‍ക്ക് വിലയും കൂട്ടിയിരുന്നു. വാടാമല്ലിക്കും കിലോ 150 രൂപയാണ് വില. ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ്. ജമന്തിക്കും റോസിനും കിലോ 350 രൂപയായി. മറുനാടന്‍ പൂക്കള്‍ക്ക് വില ഉയര്‍ന്നതും കച്ചവടം കുറയാന്‍ കാരണമായിട്ടുണ്ട്.