Watch Video here
പതിനഞ്ചാം വര്‍ഷമാണ് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തെക്കേഗോപുരനടയില്‍ പൂക്കളം ഒരുക്കുന്നത്
തൃശൂര്‍: അത്തപ്പിറവി ദിനത്തില്‍ വെളുപ്പിന് മൂന്നിന് വടക്കുന്നാഥക്ഷേത്രത്തില്‍ നിന്ന് നിയമവെടി മുഴങ്ങിയതോടെ തെക്കേഗോപുരനടയില്‍ നിന്ന് പൂവിളികള്‍ ഉയര്‍ന്നു. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍, 60 അടിയിലുള്ള ഭീമന്‍ പൂക്കളത്തിന് തുടക്കമായി. കല്യാണ്‍ സില്‍ക്ക്‌സ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ പൂക്കളത്തിലേക്കുള്ള ആദ്യ പുഷ്പം സമര്‍പ്പിച്ചതോടെ പ്രവര്‍ത്തകര്‍ പൂക്കളമിട്ടു തുടങ്ങി. വിവിധ വര്‍ണങ്ങളിലുള്ള ആയിരത്തിയഞ്ഞൂറിലധികം കിലോ പൂക്കളുമായി അത്തപൂക്കളം പത്ത് മണിയോടെ സജ്ജമായി. വെളുപ്പിന് പ്രഭാതസവാരിക്കെത്തിയവരും കൂടി ചേര്‍ന്നതോടെ ഭീമന്‍ പൂക്കളമൊരുക്കുന്നത് ‘പുഷ്പം’ പോലെയായി. ഓണാഘോഷത്തിന്റെ വരവറിയിച്ചായിരുന്നു നെറ്റിപ്പട്ടവും, ആലവട്ടവും, പട്ടുകുടയുമായി എഴുന്നള്ളുന്ന കൊമ്പനും, ചുറ്റും, മഞ്ഞപ്പൂക്കളിട്ടുള്ള അത്തപൂക്കളുമായുള്ള അത്തപൂക്കളം.
ഇന്നലെ വൈകീട്ടു തന്നെ പൂക്കളെല്ലാം വെട്ടി പൂക്കളമിടാന്‍ തയ്യാറാക്കിയിരുന്നു. ചെണ്ടുമല്ലി, വാടാർമല്ലി, പിച്ചകം, അരളി, ജമന്തി തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുപയോഗിച്ചുള്ള അത്തപൂക്കളം തെക്കേഗോപു നടയിലെത്തിയവര്‍ക്ക് മറ്റൊരു കുടമാറ്റക്കാഴ്ചയായി. പതിനഞ്ചാം വര്‍ഷമാണ് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തെക്കേഗോപുരനടയില്‍ പൂക്കളം ഒരുക്കുന്നത്.
രാവിലെ 11ന് മേയര്‍ എം.കെ.വര്‍ഗീസ് അത്തപ്പൂക്കളം സമര്‍പ്പിച്ചു. ടി.എന്‍.പ്രതാപന്‍ എം.പി, കൊച്ചിന്‍ ദേവസ്വം പ്രസിഡണ്ട് വി.നന്ദകുമാര്‍ മുഖ്യാതിഥിയായി. തേക്കിന്‍കാട് ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്. അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, സ യാഹ്ന സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ സി.കെ.ജഗന്നിവാസന്‍, അഡ്വ. ഷോബി ടി.വര്‍ഗീസ്,കെ.വി. സുധര്‍മ്മന്‍,കെ. കെ.പ്രശാന്ത്, സി.എന്‍. ചന്ദ്രന്‍, ജോബി തോമസ്, ആര്‍.എച്ച്.ജമാല്‍, രാജന്‍ ഐനിക്കുന്നത്ത്, പി.ഡി. സേവ്യര്‍, മനോജ് ചെമ്പില്‍, ഇ.എന്‍. ഗോപി, സണ്ണി ചക്രമാക്കല്‍, സോമന്‍ ഗുരുവായൂര്‍,എസ്. സുബ്രഹ്‌മണ്യന്‍ സ്വാമി, മനോജ് ചെമ്പില്‍, പി.എം. സുരേഷ് ബാബു, പി.എന്‍.സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രകലാകാരന്‍മാരായ സ്റ്റീഫന്‍, ആനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പൂക്കളത്തിന്റെ സ്‌കെച്ച് തയ്യാറാക്കിയത്. വൈകീട്ട് 5 മണിക്ക് ദീപചാര്‍ത്തിന് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ആദ്യദീപം തെളിയിക്കും.