ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയില്‍ കുടുങ്ങുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്.
സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.
ശബരിമലയില്‍ നടന്ന മുന്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ ഇഡി അന്വേഷിക്കും. അങ്ങനെയെങ്കില്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പല കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കും. പല പ്രമുഖരുടെയും നേരെ അന്വേഷണം നീളുമെന്നാണ് ഇഡിയുടെ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്.
വഴിപാടുകളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍, സംഭാവനകളുടെ പേരില്‍, സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ അങ്ങനെ നിരവധി ക്രമക്കേടുകള്‍ വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇഡി കരുതുന്നത്. ഇതെല്ലാം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇഡി നടത്താന്‍ പോകുന്നത്. ശബരിമല ക്ഷേത്രത്തെ ഉപയോഗിച്ച് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുമെന്നാണ് ഇഡി പറയുന്നത്.
നിലവില്‍ കേരളം, തമിഴ്നാട്, കര്‍ണാടക അടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ എ. പത്മകുമാര്‍, മുരാരി ബാബു, ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍. വാസു എന്നിവരുടെ വീട്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ വീട് ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍, സ്മാര്‍ട്ട്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനം തുടങ്ങിയ ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. പരിശോധനകള്‍ക്കായി ഇഡി സംഘം വെഞ്ഞാറമൂട്ടിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സഹോദരിയുടെയും വീട്ടില്‍ എത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അമ്മ, സഹോദരിയുടെ വീട്ടില്‍ കാണുമെന്ന അനുമാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നും അമ്മയെ കൂട്ടിക്കൊണ്ടുപോയ ഇഡി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു അന്വേഷണസംഘം കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയിട്ടുമുണ്ട്.
മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ രാവിലെ 7.34-ന് തുടങ്ങിയ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. 2019-ല്‍ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ അഡംബര വീട് നിര്‍മാണം ഉള്‍പ്പെടെ സംശയനിഴലിലാണ്.
















