തിരുവനന്തപുരം: 400 കോടിയുടെ പാതി വില തട്ടിപ്പ് കേസില്‍ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുന്നു. കൊച്ചിയില്‍ ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്ത്മംഗലത്തെ ഓഫീസിലും ഇ.ഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്.
ഇന്നു പുലര്‍ച്ചെ മുതല്‍ കൊച്ചിയില്‍നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ, കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഇ.ഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പാതിവില തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷക ഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു.
പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്പി എം.ജെ. സോജന്‍ നേരിട്ടത്തിയാണ് പരിശോധന. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് സോഷ്യല്‍ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്.പി സോജന്‍ പറഞ്ഞു.