കുറ്റപത്രം സമർപ്പിച്ച ശേഷം കേസുകൾ വ്യാജമാണ് എന്ന പരാതി സ്വപ്നക്ക് ഉണ്ട് എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും നിയമവൃത്തങ്ങൾ പറയുന്നു. സ്വപ്നയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് രഹസ്യ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു കേരള പോലീസിന്റെ ലക്ഷ്യമെന്നും അത് പോലീസിന് സാധിച്ചില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് പറഞ്ഞു
കൊച്ചി: തനിക്കെതിരെ ചുമത്തിയിട്ടുള്ള ഗൂഢാലോചന – കലാപാഹ്വാന കേസുകൾ റദ്ദ് ചെയ്യണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്നും സ്വപ്നയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കേസുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം മുന്നോട്ടുപോകൂ എന്ന സർക്കാരിന്റെ നിലപാട് സാങ്കേതികമായി ശരിയാണ് എന്ന് കോടതി അംഗീകരിച്ചു.
പ്രാഥമിക ഘട്ടത്തിൽ ഉള്ള കേസുകളിൽ കോടതികൾ ഇടപെടാൻ പാടില്ലെന്നുള്ള നിരവധി സുപ്രീംകോടതി ഉത്തരവുകൾ സർക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനും മറ്റൊരു പരാതിയിൽ പാലക്കാട് കസബ പോലീസുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വർണ്ണക്കടത്ത് – ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും 164 രഹസ്യ മൊഴി നൽകിയതിന് ശേഷമാണ് തനിക്കെതിരെ ബോധപൂർവ്വം ഇത്തരം വ്യാജ കേസുകൾ എടുത്തത് എന്ന് സ്വപ്നയുടെ വക്കീൽ വാദിച്ചിരുന്നു.
കുറ്റപത്രം സമർപ്പിച്ച ശേഷം കേസുകൾ വ്യാജമാണ് എന്ന പരാതി സ്വപ്നക്ക് ഉണ്ട് എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും നിയമവൃത്തങ്ങൾ പറയുന്നു. സ്വപ്നയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് രഹസ്യ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു കേരള പോലീസിന്റെ ലക്ഷ്യമെന്നും അത് പോലീസിന് സാധിച്ചില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് പറഞ്ഞു.
സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതിയുടെ മുൻപിൽ ഉണ്ട്, അതിൽ വിധി വരും വരെ അറസ്റ്റ് സാധ്യമല്ലെന്നും കേസിന്റെ അടുത്ത ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണരാജ് പറഞ്ഞു.