തൃശൂർ : എന്റെ കേരളം മെഗാ മേളയിലെ രണ്ടാം ദിനം സംഗീത സാന്ദ്രമായി…
ഭാവഗായകൻ പി ജയചന്ദ്രന്റെ അനുസ്മരനാർത്ഥം ജയരാജ് വാര്യരുടെ നേതൃത്വത്തിൽ നടന്ന സംഗീത നിശയിൽ ഭാവഗായകന്റെ ഓർമകളും കോർത്തിണക്കിയപ്പോൾ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സൃഷ്ടിച്ചു.
മലയാളികൾ ഹൃദയത്തോടു ചേർത്ത് കൊണ്ടുനടക്കുന്ന പി ജയചന്ദ്രൻ ഹിറ്റ് ഗാനങ്ങൾ കാഴ്ച്ചക്കാരുടെ മനസ്സിൽ വേനൽ മഴ പോലെ പെയ്തിറങ്ങി.
സംഗീത സാന്ദ്രമായ രാവ് ആയിരങ്ങള്‍ ഏറ്റുവാങ്ങി. പി ജയചന്ദ്രന്റെ ഓർമകളുടെ നാട്ടിലേക്കുള്ള സംഗീത യാത്രയായി മാറി ഓരോ ഗാനവും.
ജയരാജ് വാര്യർ അവതരിപ്പിച്ച അനശ്വര ഗായകൻ പി ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ മലർവാകക്കൊമ്പത്ത് എന്ന സംഗീത നിശയിൽ ഇന്ദുലേഖ വാര്യർ, എടപ്പാൾ വിശ്വനാഥൻ, ചലച്ചിത്ര പിന്നണി ഗായകൻ മനോജ്, റീന മുരളി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കലാപരിപാടികൾ അവസാനിക്കുമ്പോൾ ഏവരുടെയും മനസ് സ്വരമാധുര്യത്തിന്റെ ആസ്വാദനത്തിലായി. പ്രായത്തിന്റെ വ്യത്യാസങ്ങളില്ലാതെ എല്ലാവരും പഴകാല ഗാനങ്ങളെ നെഞ്ചോട് ചേർത്തു. തേക്കിൻകാട് മൈതാനം പി ജയചന്ദ്രന്റെ ഓർമ്മയിൽ സംഗീതത്തിന്റെ പൂരപ്പറമ്പായി മാറി.