ഫോം ഔട്ട് ആയ വിരാട് കോഹ്ലിയെയും കെ എൽ രാഹുലിനെയും ഇറക്കിയശേഷം താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ പാക്കിസ്ഥാൻ ടീമിനോട് ചെറിയ സ്കോർ പിന്തുടരേണ്ടി വന്നപ്പോഴും വിജയത്തിനായി ഇന്ത്യക്ക് ഏറെ വിയർക്കേണ്ടി വന്നത് ചർച്ചയാകും
കൊച്ചി: അവസാന ഓവർ വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ രണ്ട് ബോളുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാനെതിരെ T- 20 ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ദുബായിൽ നടന്ന അത്യന്തം സമ്മർദ്ദം ഏറിയ മത്സരത്തിൽ 17 ബോളിൽ 33 റൺ നേടിയ ഹാർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്. 25 റൺ വിട്ടുനൽകി 3 വിക്കറ്റും പണ്ഡ്യ നേടിയിരുന്നു.
19.5 ഓവറിൽ 147 റൺസാണ് പാകിസ്ഥാൻ നേടിയത്. 29 ബോളുകളിൽ 35 റൺസ് നേടിയ രവീന്ദ്ര ജഡേജ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായതിന് ശേഷം കയ്യെത്തും ദൂരത്ത് നിൽക്കുന്ന വിജയത്തെ സംബന്ധിച്ച് ഇന്ത്യയ്ക്ക് വീണ്ടും ആശങ്കയേറി.
ഇരു ടീമുകൾക്കും ഓവറേറ്റ് കുറഞ്ഞതിനാൽ അവസാന 3 ഓവറുകളിൽ അഞ്ചു ഫീൽഡർമാരെ 30 യാർഡ് സിർക്കിളിൽ നിർത്തേണ്ടതായി വന്നു. ഇന്ത്യയുടെ വിജയത്തിൽ അത് നിർണായകമായി. നേരിട്ട ആദ്യ പന്തിൽ സ്ലിപ്പിൽ ക്യാച്ച് പാഴായ ശേഷം വിരാട് കോഹ്ലി 34 പന്തുകളിൽ 35 റൺ നേടി.
ഫോം ഔട്ട് ആയ വിരാട് കോഹ്ലിയെയും കെ എൽ രാഹുലിനെയും ഇറക്കിയശേഷം താരതമ്യേന പുതുമുഖങ്ങൾ നിറഞ്ഞ പാക്കിസ്ഥാൻ ടീമിനോട് ചെറിയ സ്കോർ പിന്തുടരേണ്ടി വന്നപ്പോഴും വിജയത്തിനായി ഇന്ത്യക്ക് ഏറെ വിയർക്കേണ്ടി വന്നത് ചർച്ചയാകും.
ഓപ്പണർ കെ എൽ രാഹുൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. നല്ല ഫോമിൽ കളിക്കുന്ന യുവ താരങ്ങളായ ദീപക്ക് ഹൂഡക്കും സഞ്ജു സാംസണും ഏഷ്യാകപ്പിൽ അവസരം കൊടുക്കണമെന്ന് അഭിപ്രായം ശക്തമായിരുന്നു. എന്നാൽ ഇരു താരങ്ങളെയും ഏഷ്യാകപ്പ് ടീമിൽ എടുത്തിട്ടില്ല.
Pic credit: BCCI