ജീവകാരുണ്യ പ്രവർത്തനം നടത്തുന്നു എന്ന മറവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന റിഹാബ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി എൽ.ഡി.എഫിന്റെ സഖ്യകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (INL) നേതാവ് പ്രഫസർ മുഹമ്മദ് സുലൈമാൻ ആണെന്നും അതേസമയം ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പ് മന്ത്രിയായ് കേരള സർക്കാരിൽ പ്രവർത്തിക്കുന്നു എന്ന് നിരോധനത്തിന് തൊട്ടുപിന്നാലെ കെ സുരേന്ദ്രൻ പറഞ്ഞു…..
അബുദാബിയിൽ നടത്തുന്ന ഹോട്ടലിന്റെ അക്കൗണ്ടിൽ നിന്ന് കേരളത്തിലെ പി എഫ് ഐ ക്ക് പണം എത്തി എന്ന വാർത്തയും ഈ ഹോട്ടലിന്റെ ഉടമ ടി. ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്…..
നിരോധനത്തിനുശേഷം പി.എഫ്.ഐ ബന്ധമുള്ളവരുമായി പ്രവർത്തിക്കുന്നത് അഞ്ചു മുതൽ ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്…..
കൊച്ചി: കേരളത്തിൽ ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നടന്ന പി.എഫ്.ഐ കേന്ദ്രങ്ങളിലെ റെയ്ഡും തുടർന്നുള്ള പി എഫ് ഐ ഉൾപ്പെടെയുള്ള 8 അനുബന്ധ സംഘടനകളുടെ നിരോധനവും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും.
പി എഫ് ഐ ക്കൊപ്പം നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, വനിത ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നിവയെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനും രാജ്യത്തിൻറെ അഖണ്ഡതയ്‌ക്കെതിരെ നിലകൊണ്ടതിനാണ് നിരോധിച്ചത് എന്ന് ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കേരളത്തിൽ ഭരണ മുന്നണിക്കെതിരെയും സർക്കാരിനെതിരെയും രംഗത്തെത്തിയത്.
ജീവകാരുണ്യ പ്രവർത്തനം നടത്തുന്നു എന്ന മറവിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന റിഹാബ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി എൽ.ഡി.എഫിന്റെ സഖ്യകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (INL) നേതാവ് പ്രഫസർ മുഹമ്മദ് സുലൈമാൻ ആണെന്നും അതേസമയം ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പ് മന്ത്രിയായ് കേരള സർക്കാരിൽ പ്രവർത്തിക്കുന്നു എന്ന് നിരോധനത്തിന് തൊട്ടുപിന്നാലെ കെ സുരേന്ദ്രൻ പറഞ്ഞു.
ഐ എൻ എൽ ലിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് ദേവർകോവിൽ. റിഹാബ് ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയാണ് താനെന്ന് സുലൈമാൻ സംശയങ്ങൾക്ക് ഇട നൽകാത്ത വിധം പൊതുവേദികളിലും വാർത്ത ചാനലുകളിലും പറഞ്ഞിട്ടുണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.
നിരോധിത സംഘടനയിൽ പ്രവർത്തിച്ച ഐ.എൻ.എൽ ലിനെ ഭരണം മുന്നണിയിൽ നിന്നും അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി ഐടി സെൽ തലവൻ അമിത് മാൽവിയാണ് കേരള സർക്കാരിനെതിരെ ഐ. എൻ.എൽ ബന്ധം ചൂണ്ടിക്കാണിച്ച് ആദ്യം ട്വീറ്റ് ചെയ്തത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രസ്താവന.
കേരളത്തിലടക്കം പി. എഫ് ഐ ഓഫീസുകൾ അടച്ചുപൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. അന്താരാഷ്ട്ര ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധം പുലർത്തി എന്നതും പി.എഫ്.ഐയെ നിരോധിക്കാനുള്ള ഉത്തരവിൽ കാരണമായി കേന്ദ്രസർക്കാർ പറയുന്നു. അബുദാബിയിൽ നടത്തുന്ന ഹോട്ടലിന്റെ അക്കൗണ്ടിൽ നിന്ന് കേരളത്തിലെ പി എഫ് ഐ ക്ക് പണം എത്തി എന്ന വാർത്തയും ഈ ഹോട്ടലിന്റെ ഉടമ ടി. ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിരോധിച്ച സംഘടനയായ പി.എഫ്.ഐ യുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐക്ക് പ്രവർത്തിക്കാനുള്ള കടമ്പകൾ പി.എഫ്.ഐ നിരോധനത്തിനുശേഷം നിരവധിയാണ്.
പി എഫ് യുമായി ബന്ധമുണ്ടായിരുന്നതിനാൽ കേന്ദ്ര ഏജൻസികളും കേരള പോലീസും എസ്ഡിപിഐ പ്രവർത്തനങ്ങൾ അവരുടെ പ്രവർത്തനത്തിനായി ലഭിക്കുന്ന ഫണ്ടും സൂക്ഷ്മമായി നിരീക്ഷിക്കും. നിരോധനത്തിനുശേഷം പി.എഫ്.ഐ ബന്ധമുള്ളവരുമായി പ്രവർത്തിക്കുന്നത് അഞ്ചു മുതൽ ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആലുവയിൽ ആർഎസ്എസ് ഓഫീസിൽ കേന്ദ്ര സായുധ സേന
നിരോധനത്തിന് തൊട്ടുപിന്നാലെ വലിയ തോതിൽ എസ്ഡിപിഐ – പിഎഫ്ഐ സ്വാധീനമുള്ള ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകാൻ അമ്പതോളം കേന്ദ്ര സായുധ സേന അംഗങ്ങൾ രണ്ടു ബസ്സുകളിലായി എത്തി. ആലുവയിലെ ആർഎസ്എസ് നേതാക്കൾക്ക് ജീവന് ഭീഷണിയുണ്ട് എന്ന നിഗമനത്തെ തുടർന്നാണ് കേന്ദ്രസേന എത്തിയത്. നിരോധന ഉത്തരവിന് പിന്നാലെ പി എഫ് ഐ യുടെ whatsapp ഗ്രൂപ്പുകളുടെ പേരുകൾ മാറ്റി. ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം നിലച്ചു.
പ്രതികരിക്കാതെ ടി.ജെ ജോസഫ്
പി എഫ് ഐ നിരോധനം രാജ്യസുരക്ഷയെ സംബന്ധിക്കുന്നതും രാഷ്ട്രീയവുമായ കാര്യമാണെന്നും ഈ അവസരത്തിൽ മൗനം ഭജിക്കുകയാണ് നല്ലതെന്ന് നിഗമനത്തിലാണ് താനെന്ന് പ്രൊഫസർ ടി.ജെ ജോസഫ് പ്രതികരിച്ചു.
തൻറെ കൈവെട്ടി മാറ്റിയവർക്ക് മാപ്പ് നൽകി എന്ന് ആത്മകഥയായ ‘അറ്റു പോകാത്ത ഓർമ്മകളിൽ ‘ രേഖപ്പെടുത്തിയത് വ്യക്തിപരമാണെന്നും പി എഫ് ഐ ആക്രമണങ്ങളിൽ ജീവനോടെ ഇരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് താനെന്നും ഈ ആക്രമണങ്ങളുടെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും പ്രൊഫസർ പറഞ്ഞു.
2010ലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ താലിബാനി ആക്രമണവും നിരോധന ഉത്തരവിൽ കേന്ദ്രം എടുത്തുപറന്നുണ്ട്.
ആലപ്പുഴയിലും പാലക്കാടും ആർഎസ്എസ് – ബിജെപി എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ട 2021 ലെ ആലപ്പുഴ വയലാറിലെ നന്ദു കൃഷ്ണയുടെ കൊലപാതകവും നിരോധന ഉത്തരവിൽ പറയുന്നു. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐക്ക് നിരോധനം ഇല്ലെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പി എഫ് ഐ യുമായി ബന്ധപ്പെട്ട പ്രവർത്തിക്കുക എസ്ഡിപിഐക്ക് എളുപ്പമാകില്ല. നിരോധിച്ച പിഎഫ്ഐയുമായി ബന്ധമുള്ളവരുമായി ബന്ധപ്പെട്ട പ്രവർത്തിച്ചാലോ നിരോധിത സംഘടനയിൽനിന്ന് പണം കൈപ്പറ്റിയാലോ അഞ്ചു മുതൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
നിരോധനം സ്വാഗതം ചെയ്തു മുസ്ലിം ലീഗ്; നിരോധനം പരിഹാരമല്ലെന്ന് യെച്ചൂരി
നിരോധനത്തെ അനുകൂലിച്ച് മുസ്ലിം ലീഗ് നേതാവായ എം കെ മുനീർ പ്രതികരിച്ചപ്പോൾ നിരോധനം കൊണ്ട് പരിഹാരമാവില്ല എന്നാണ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി സിത്താറാം യെച്ചൂരി പ്രതികരിച്ചത്. ആർഎസ്എസിനെ നിരോധിക്കണമോ എന്ന ചോദ്യത്തിന് നിരോധിച്ചിട്ട് കാര്യമില്ല എന്നും ആർഎസ്എസിനെ ഇന്ത്യയിൽ മൂന്നുതവണ നിരോധിച്ചിട്ടുണ്ട് എന്നും യെച്ചൂരി പ്രതികരിച്ചു. നിരോധനങ്ങളിലൂടെ തീവ്രവാദം തടയാൻ ആകില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് എ.കെ ആൻറണിയുടെ പ്രതികരണം.