തൃശൂര്‍: മാനവികതയുടെ മഹത്വത്തിലൂന്നി മാറ്റത്തിന്റെ മാറ്റൊലിയുമായി പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരിതെളിഞ്ഞു. ആദ്യ ദിനത്തില്‍ ആയിരങ്ങളാണ് നാടകോത്സവത്തിന്റെ ആസ്വാദനത്തിനെത്തിയത്. റീജിയണല്‍ തിയ്യേറ്ററിന് മുന്നില്‍ മേളകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തില്‍ കൊട്ടിക്കയറിയ പാണ്ടിമേളം നാടകോത്സവത്തിന് വിളംബരമായി. നാടകോത്സവം ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.
ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വിവിധ കലാസമന്വയത്തിലൂടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവത്തിന് അടുത്ത വര്‍ഷം തൃശൂര്‍ വേദിയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മത്സ്യബന്ധന യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാമദി, സാഹിത്യ അക്കാദമി, കലാമണ്ഡലം തുടങ്ങിയവയുടെ സഹകരണത്തോടെ നാടകം, സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയവയെ സംയോജിപ്പിച്ചാണ് അന്താരാഷ്ട്ര ഉത്സവം സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ലോക നാടക വേദിയില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ സാമൂഹിക നവോത്ഥാനം നാടകങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളത്തിന്റെ ഇന്നലെകളെ പുരോഗമനപരമാക്കി മാറ്റിയതില്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. റവന്യൂമന്ത്രി കെ രാജന്‍ ഇറ്റ്ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടീഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി ബാലചന്ദ്രന്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. ടി എന്‍ പ്രതാപന്‍ എംപി ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി.
കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍, നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, തായ്‌വാന്‍ എംബസി പ്രതിനിധി റോബര്‍ട്ട് സീഹ്, ആലിസണ്‍ ചാവോ, തായ് വാന്‍ എംബസി സെക്രട്ടറി ഉണ്ണിമായ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.