തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2024) ഫെബ്രുവരി 9 മുതല്‍ 16 വരെ തൃശൂരില്‍ അരങ്ങേറും.
പാലസ് ഗ്രൗണ്ടില്‍ 9ന്് വൈകീട്ട് അഞ്ചു മണിക്ക് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവള്ളൂര്‍ മുരളി തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും കലാ സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ രോഹിണി മുഖ്യാതിഥിയാകും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി. അനന്തകൃഷ്ണന്‍ പതിനാലാമതു അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആശയവും കാഴ്ച്ചപ്പാടുകളും അവതരിപ്പിക്കും.
തിരഞ്ഞെടുത്ത 23 നാടകങ്ങള്‍ക്ക് എട്ടു ദിവസങ്ങളില്‍ ഏഴ് വേദികളിലായി 47 പ്രദര്‍ശനങ്ങളൊരുക്കുന്നു.
നാടകങ്ങള്‍ കൂടാതെ പാനല്‍ ചര്‍ച്ചകളും, ദേശീയ,അന്തര്‍ദേശീയ നാടക പ്രവര്‍ത്തകരുമായുള്ള മുഖാമുഖവും, സംഗീതനിശകള്‍, തിയറ്റര്‍ ശില്‍പ്പശാലകള്‍ എന്നിവയും അരങ്ങേറും. 10 മുതല്‍ 16 വരെ രാമനിലയം ക്യാമ്പസിലെ ഫാവോസ് തിയറ്ററില്‍ ഉച്ചയ്ക്ക് 1.30ന് വിവിധ വിഷയങ്ങളെ അധികരിച്ച പാനല്‍ ചര്‍ച്ചകളും സംവാദനാത്മക സെഷനുകളും നടക്കും.
നാടകോത്സവത്തിന്റെ ഭാഗമായി ‘സ്ത്രീകളും തീയറ്ററും’ എന്ന വിഷയത്തില്‍ ഫെബ്രുവരി 10 മുതല്‍ 15 വരെ കിലയില്‍ വനിതാ നാടകപ്രവര്‍ത്തകര്‍ക്കായി നാടക ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, സഞ്ചിത മുഖര്‍ജി, നീലം മാന്‍സിങ്, എം കെ റൈന, സജിത മഠത്തില്‍ എന്നിവരാണ് ശില്‍പശാല നയിക്കുന്നത്. കുടുംബശ്രീ, കില എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശില്പശാലയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് രണ്ട് കുടുംബശ്രീ പ്രതിനിധികള്‍ വീതം പങ്കെടുക്കും.
ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്നും അന്നേ ദിവസത്തെ മുഴുവന്‍ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകള്‍ ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂര്‍ മുന്‍പ് കൗണ്ടറില്‍ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 70 രൂപയാണ് നിരക്ക്.