ന്യൂഡല്‍ഹി: ഇസ്രോയുടെ സ്പെയ്സ് ഡോക്കിംഗ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്പേയ്സ് ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്പേയ്സ് ഡോക്കിംഗ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.
ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്സ് ദൗത്യം.
അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിംഗ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. 2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐ.എസ്.ആര്.ഒ സ്പേയ്സ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസര്‍ എസ്.ഡി.എക്സ് 01, ടാര്‍ഗറ്റ് എസ്.ഡി.എക്സ് 02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. പി.എസ്.എല്‍.വി- സി 60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയര്‍ന്നത്.