Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുരുന്നുകള്‍ക്ക് കിട്ടിയത് ‘ആന’ യോളം ആനയറിവുകള്‍, കൗതുകമായി ഗജറാണി ലക്ഷ്മിക്കുട്ടിയും

തൃശൂര്‍:   ഗജറാണി ലക്ഷ്മിക്കുട്ടിയെ കണ്‍കുളിര്‍ക്കെ കണ്ടും, ആനക്കാര്യങ്ങള്‍ കേട്ടും ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്യാമ്പിനെത്തിയ കുസൃതിക്കുരുന്നുകളുടെ മനം നിറഞ്ഞു. ആന കുളിക്കുമോ, ആനയ്ക്ക് പല്ലുണ്ടോ തുടങ്ങിയ കുരുന്നുകളുടെ കുസൃതി ചോദ്യങ്ങള്‍ക്ക  വെറ്റിനറി സര്‍ജന്‍ ഡോ.പി.ബി.ഗിരിദാസന്‍ സരസമായി മറുപടി നല്‍കി. ആനയ്ക്ക് ദിവസവും കുളിക്കാനും, കുടിക്കാനും 250 ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്ന്് ഡോ.ഗിരിദാസന്‍ പറഞ്ഞു. 200 കിലോ ഭക്ഷണവും അകത്താക്കും.

ആനയ്ക്ക് തുമ്പിക്കൈയില്‍ മൊട്ടുസൂചി പോലും എടുക്കാന്‍ കഴിയുമെന്നത് കുരുന്നുകള്‍ക്ക് പുതിയ അറിവായിരുന്നു. നാല് കിലോ മീറ്റര്‍ വരെ  അകലെയുള്ള ഇണയെ മണത്തറിയാനുള്ള ഘ്രാണ ശക്തി ആനയ്ക്കുണ്ട്, ആനയ്ക്ക് നാവുനീട്ടാന്‍ പറ്റില്ല, ആനയുടെ കണ്ണിന്റെ നിറം തേന്‍ നിറമാണ് തുടങ്ങിയ നിരവധി ആനവിശേഷങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി. ആനയുടെ മുന്‍കാലുകളെ നട എന്നും പിന്‍കാലുകളെ അമരം എന്നുമാണ് പറയുകയെന്നും ഡോ.ഗിരിദാസന്‍ വിശദീകരിച്ചുകൊടുത്തു.  ആന ഒരിക്കലും ഓടാറില്ലെന്നും വേഗത്തില്‍ നടക്കാറുണ്ടെന്നും അദ്ദേഹം  കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ആനയ്ക്ക് പഴവര്‍ഗങ്ങള്‍ നല്‍കി ഊട്ടാനും കുരുന്നുകള്‍ മറന്നില്ല. കണ്ട് മതിയായില്ലെന്നും, വീണ്ടും വരണമെന്നുമുള്ള  സ്‌നേഹപൂര്‍വ്വമായ ക്ഷണത്തോടെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ തിരുവമ്പാടി ലക്ഷ്മിക്കുട്ടിയെ യാത്രയാക്കി.  ആനയെ അറിയാം ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇ. നാരായണി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ബിജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *