Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തില്‍ ആയുധം കടത്തിയെന്ന് പരാതി; പണിയ്ക്കുള്ള ആയുധങ്ങളെന്ന് സി.പി.എം

ചേലക്കര: ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ  കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ.രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.
മന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.

 കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്ളക്സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്, ആയുധ യുദ്ധമല്ല. ഇത് എന്താണ് സംഭവമെന്ന് അന്വേഷിച്ചോട്ടെ. എതിരാളികള്‍ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *