തൃശൂര്‍: ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ തനിക്ക്് രാശിയുള്ള മണ്ഡലമല്ല.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
ബിജെപി വിജയിച്ചത് വേദനിപ്പിച്ചു. എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ല. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.
തൃശ്ശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്നും മുരളീധരന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തിയെന്നും ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമുണ്ടായെന്നും പറഞ്ഞ അദ്ദേഹം ഒ.രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും പറഞ്ഞു.
പതിവില്ലാതെ രണ്ടു മുന്നണികള്‍ക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവന്‍ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു.
ചില നിയോജക മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എന്നാല്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലോക്്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തായി.