കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് അറസ്റ്റില്‍. മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് കെ.സുധാകരന് അറസ്റ്റിലായത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കോടതി ഉത്തരവ് ഉള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടു.
അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജാമ്യനടപടികള്ക്കായി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴല്നാടന് എം.എല്‍.എ എന്നിവര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.
നേരത്തെ, കേസില്‍ രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുധാകരന് കോടതി അനുവദിച്ചിരുന്നു. സി.ആര്.പി.സി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് 50,000 രൂപ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കും.
മോന്സന് ആവശ്യപെട്ടപ്രകാരം ചിലര്‍ അദ്ദേഹത്തിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. പരാതിക്കാര്‍ നല്കിയ തെളിവുകള്‍, മോന്‍സന്റെയും ജീവനക്കാരുടേയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകള്‍.