തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കലിതുള്ളി പെയ്യുന്ന പേമാരിയില്‍ മരണസംഖ്യ 13 ആയി. ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടു പേരും മരിച്ചു. കൂട്ടിക്കലില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവിടെ തിരച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്.
കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍, മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഇവിടെ കണ്ടെടുത്ത ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഇവര്‍ക്കു പുറമേ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി (45), മകന്‍ അലന്‍ (8), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു. ഇവര്‍ക്കു പുറമേ ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍, കൂവപ്പള്ളിയില്‍ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് വിവരം. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട പെരുവന്താനം നിര്‍മലഗിരി വടശ്ശേരില്‍ ജോജി (44)യുടെ മൃതദേഹവും ലഭിച്ചു.
കൊക്കയാറില്‍ നേരത്തെ ഏഴ് പേരേയാണ് കാണാതായതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. പെരുവന്താനത്ത് നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തിണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ഇന്നലെ ലഭിച്ചതില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കണക്കുകളെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. മന്ത്രിമാരായ കെ.രാജന്‍, വി.എന്‍.വാസവന്‍, റോഷി അഗസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ് കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അങ്കമാലിയിലും നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13ഉം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
Photo Credit: Face Book