തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പണിമുടക്കിനെ കര്‍ശനമായി നേരിടാനാണ് മാനേജ്മെന്റിന് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫീസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഡയസ്നോണ്‍ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിങ് പ്രസിഡന്റ് എം വിന്‍സന്റ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി വി.എസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. രാവിലെ മലപ്പുറം ഡിപ്പോയില്‍ നിന്ന് 13 സര്‍വീസകള്‍ നടത്തേണ്ടതില്‍ ആറ് സര്‍വീസുകള്‍ മാത്രമാണ് നടത്താനായത് നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ ഡിപ്പോകളിലും ഭാഗീകമായി സര്‍വീസ് മുടങ്ങിയിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഇതുവരെ സര്‍വീസ് മുടങ്ങിയിട്ടില്ല. സമരം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.