ബാങ്കോക്ക്: തായ്ലന്‍ഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകള്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതല്‍പ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.
ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
.