തൃശ്ശൂര്‍: കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികള്‍ സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകര്‍ഷണം നഷ്ടമായി. 50 വര്‍ഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും. ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും അവര്‍ പറഞ്ഞു.
ഇരു മുന്നണികളും കലാമണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റി. രാഷ്ട്രീയ നിയമനമായതിനാല്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും ചെയ്യാനാകില്ല. മാറ്റം കൊണ്ടുവരാനാണ് ഇപ്പോഴെങ്കിലും തുറന്ന് സംസാരിക്കുന്നതെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമനങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ല എന്ന മറുപടിയാണ് അധികാര ശ്രേണിയിലിരിക്കുന്നവരില്‍ നിന്നും ലഭിക്കുന്നത്. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പല തവണ ചര്‍ച്ച നടത്തി, അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിലും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും കേരളത്തില്‍ എത്തുമ്പോള്‍ വ്യത്യാസം പ്രകടമാണ്. 30 വര്‍ഷം അവിടുത്തെ സര്‍ക്കാരിനോട് പൊരുതി നിന്ന് ഒരാളാണ് ഞാന്‍. ചാന്‍സലര്‍ എന്ന നിലയ്ക്ക് സ്വാതന്ത്രത്തോടെ പ്രവര്‍ത്തിക്കാനായിട്ടുണ്ടെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേര്‍ത്തു.
കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് മല്ലിക സാരാഭായ്, കാരണം ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്
















