ബോണ്‍ നത്താലെ ഡിസംബര്‍ 27ന്
തൃശൂര്‍: തൃശൂര്‍ പൂരം പ്രതിസന്ധി തീര്‍ക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന്
മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ബോണ്‍ നത്താലെയുടെ നടത്തിപ്പ് അറിയിക്കാന്‍ ബിഷപ് പാലസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ പൂരവും, ബോണ്‍ നത്താലെയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് ആഘോഷിക്കുന്നത്. തൃശൂര്‍ പൂരം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്.
തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക്് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍പ്്്് തൃശൂര്‍ പൂരം അനിശ്ചിതത്വത്തിലായപ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുമായി താന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെ ഡിസംബര്‍ 27 ബുധനാഴ്ച നടക്കും.
പതിനയ്യായിരത്തില്‍പ്പരം ക്രിസ്തുമസ്സ് പാപ്പമാര്‍ ഈ വര്‍ഷത്തെ ബോണ്‍ നത്താലെ ഗാനത്തോടൊപ്പം തൃശൂര്‍ നഗരത്തില്‍ ചുവടുവയ്ക്കും.
തൃശൂരിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്നതും, മതസൗഹാര്‍ദ്ദം, തിരുപിറവി, ചലിക്കുന്ന പുല്‍ക്കൂട്, ചലിക്കുന്ന ക്രിസ്തുമസ്സ് ട്രീ തുടങ്ങി ഇരുപതോളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
വീല്‍ചെയര്‍ പാപ്പമാര്‍, റോളര്‍ സ്‌കേറ്റിംഗ് പാപ്പമാര്‍, ഹോണ്ടാ ബൈക്കുമായി വരുന്ന പാപ്പമാര്‍, പൊയ്ക്കാല്‍ പാപ്പമാര്‍, മാലാഖമാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിചേരും.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഘോഷയാത്രയില്‍ മന്ത്രിമാരായ അഡ്വ.കെ.രാജന്‍, ആര്‍.ബിന്ദു. കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പാണക്കാട് സാദ്ദിഖ് അലി തങ്ങള്‍, പുറനാട്ടുകര ശ്രീരാമ കൃഷ്ണ മിഷന്‍ രക്ഷാധികാരി, ടി.എന്‍.പ്രതാപന്‍.എം.പി., കെ.ബാലചന്ദ്രന്‍ എം.എല്‍.എ. തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും, വിവിധ സഭാപിതാക്കന്മാര്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കുചേരും.
ഉച്ചകഴിഞ്ഞ് 3-ന് ക്രിസ്തുമസ്സ് പാപ്പമാര്‍ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ സംഗമിക്കും. തുടര്‍ന്ന് 4-മണിക്ക് തൃശൂര്‍ സെന്റെ തോമാസ് കോളേജില്‍ നിന്ന് ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. സെന്റ് തോമസ് കോളേജിലാണ് സമാപനവും.
സമാപന സമ്മേളനത്തില്‍ കഴിഞ്ഞവര്‍ഷം തറക്കല്ലിട്ട ബോണ്‍ നത്താലെ വീടിന്റെ താക്കോല്‍ദാനം ഗവര്‍ണര്‍ നിര്‍വ്വഹിക്കും.