Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അഷ്ടവൈദ്യന്‍ ഇ.ടി നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരമെന്ന് കേന്ദ്രആയുഷ് മന്ത്രി  സര്‍ബാനന്ദ സോനോവാള്‍

തൃശൂര്‍: പത്മഭൂഷണ്‍ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് ആയുര്‍വേദത്തിന് മഹത്തരമായ സംഭാവനകള്‍ നല്‍കിയ ദീര്‍ഘദര്‍ശി ആയിരുന്നുവെന്നും, അദ്ദേഹം രൂപം നല്‍കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് വൈദ്യരത്‌നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച  മെന്റേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്നും, ദേശീയ ആയുഷ് പദ്ധതിയ്ക്കായി  2014-ല്‍ 78 കോടി രൂപയാണ് ചിലവഴിച്ചത് എങ്കിലത് 2023 – 24 കാലയളവില്‍  15 മടങ്ങ് വര്‍ധിപ്പിച്ച് 1,200 കോടിയായി ഉയര്‍ത്തി എന്നും സോനോവാള്‍ പറഞ്ഞു.

കേന്ദ്ര പദ്ധതികളുടെ ഭാഗമായി ആയുഷ് വകുപ്പ് 2014 മുതല്‍ 270 കോടി രൂപ കേരളത്തിന് അനുവദിച്ചുവെന്നും അഞ്ച് ആയുഷ് ആശുപത്രികള്‍  സ്ഥാപിക്കാന്‍ സഹായം നല്‍കി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ധര്‍മസാഗരം’, ‘ആയുര്‍ജ്യോതി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ് പകര്‍ന്നുതന്ന ആര്‍ജവവും,
മൂല്യങ്ങളും, ധാര്‍മ്മികതയുമാണ് വൈദ്യരത്നം ഗ്രൂപ്പിനെ മൂന്നോട്ടുനയിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് എം.ഡി. അഷ്ടവൈദ്യന്‍ ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ്സ് പറഞ്ഞു.
ആയുര്‍വേദത്തെ ചികിത്സാസമ്പ്രദായമായി 30 രാജ്യങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും, ഉപനിഷത്തുകളില്‍ നിന്നുകൊണ്ട് ഉപഗ്രഹങ്ങളിലേക്ക് കുതിക്കുക എന്നതാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ശാസ്ത്രനയമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ ടൂറിസം രംഗത്തെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

തൈക്കാട്ടുശ്ശേരിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് വൈദ്യരത്നം ഗ്രൂപ്പിന്റെ പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളാണെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.
കണ്ണൂരില്‍ 311 ഏക്കര്‍ സ്ഥലത്ത് അന്താരാഷ്ട്ര അയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും, ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി 20 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായും റവന്യൂ മന്ത്രി പറഞ്ഞു.
യോഗയോടൊപ്പം അന്താരാഷ്ട്രതലത്തില്‍ ആയുര്‍വേദത്തിനും പ്രചാരണം നല്‍കാനുള്ള സാഹചര്യം ഒരുക്കണമെന്നും, വിദേശരാജ്യങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം പകര്‍ന്നുകൊടുക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ചടങ്ങില്‍ അനുസ്മരണപ്രഭാഷണം നടത്തിയ അംബാസിഡര്‍ വേണുരാജാമണി  പറഞ്ഞു.

വൈദ്യരത്‌നം ഗ്രൂപ്പിന്റെ പ്രഥമ ആത്മമിത്ര മാധ്യമ പുരസ്‌കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്കുവേണ്ടി മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ കേന്ദ്രമന്ത്രി വി.മുരളീധരനില്‍ നിന്നും, ആത്മമിത്ര കലാപുരസ്‌കാരം റവന്യൂമന്ത്രി കെ.രാജനില്‍ നിന്ന് കലാമണ്ഡലം രാമചാക്യാരും ഏറ്റുവാങ്ങി.

പുതുക്കിയ വൈദ്യരത്‌നം ഹോസ്്പിറ്റല്‍ ലോഗോയുടെ പ്രകാശനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററിന് വേണ്ടി വൈദ്യരത്നം നല്‍കുന്ന ഭൂമിരേഖകള്‍ വൈദ്യര്തനം ജോയിന്റ് എം.ഡി. അഷ്ടവൈദ്യന്‍ പരമേശ്വരന്‍ മൂസ്സില്‍ നിന്ന് മന്ത്രി കെ.രാജന്‍ സ്വീകരിച്ചു.

വൈദ്യരത്നം ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സതി നാരായണന്‍ മൂസ്സ്
തൈക്കാട്ടുശ്ശേരിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്‍കുന്ന ‘ഗൃഹസ്ഥം’ പദ്ധതിയുടെയും, ടി.എന്‍. പ്രതാപന്‍ എം.പി യോഗസമീക്ഷയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ആയുര്‍വേദ പഠനത്തിനും പ്രോത്സാഹനത്തിനുമുള്ള അക്കാദമിക് അവാര്‍ഡുകളും ചടങ്ങില്‍  വിതരണം ചെയ്തു.  കെ.യു.എച്ച്.എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി..

തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്,  ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍.,  കോര്‍പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സി.പി. പോളി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഡോ.ഇ.ടി. യദു നാരായണന്‍ മൂസ്സ് സ്വാഗതവും അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്സ് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *