തൃശൂര്‍: സി.പി.എം സംസ്ഥാന സമിതി അംഗവും, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനും, കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എം. കെ കണ്ണന്‍ രാവിലെ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി രാമനിലയത്തിലെത്തിയത്. ഇരുവരും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണന്‍ ഇ.ഡിയുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ സഹകരിക്കുമെന്ന് കണ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ എത്താനാണ് കണ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കണ്ണനെ ഇ.ഡി ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം നേതാവ് പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് എന്നിവരില്‍നിന്ന് കിട്ടിയ വിവരത്തിന്‍ൻ്റെ അടിസ്ഥാനത്തില്‍ ഇന്ന് കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡി ഒരുങ്ങുന്നത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇ.ഡി അന്വേഷണം. കിരണും സതീഷ്‌കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്റെയും എ.സി മൊയ്തീന്റെയും അറിവോടെയാണെന്നും ഇ.ഡി സംശയിക്കുന്നു.