തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചടങ്ങില്‍ നളിനി ചന്ദ്രന്‍ പറഞ്ഞു. 6 വിദ്യാര്‍ത്ഥികളുമായി 1978-ലാണ് ഹരിശ്രീ സ്‌കൂളിന് തുടക്കം കുറിച്ചത്
തൃശൂര്‍: വിദ്യാഭ്യാസ വിദഗ്ധ നളിനി ചന്ദ്രന്റെ ജീവചരിത്രമായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പുറംചട്ട പ്രകാശനം പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പത്മശ്രീ ജേതാവും, എഴുത്തുകാരിയുമായ പെപ്പിത സേത്ത്് പ്രകാശനം നിര്‍വഹിച്ചു. തന്റെ സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവിജയമാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചടങ്ങില്‍ നളിനി ചന്ദ്രന്‍ പറഞ്ഞു. 6 വിദ്യാര്‍ത്ഥികളുമായി 1978-ലാണ് ഹരിശ്രീ സ്‌കൂളിന് തുടക്കം കുറിച്ചത്. തുടക്ക സമയത്ത് സ്‌കൂളിന് അനുമതികള്‍ ലഭിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അങ്ങനെ പല വെല്ലുവിളികളെയും ധൈര്യപൂര്‍വം നേരിട്ടാണ് സ്‌കൂള്‍ ഇന്നത്തെ നിലയിലെത്തിച്ചതെന്നും അവര്‍ പറഞ്ഞു.
ഹരിശ്രീ സ്‌കൂളിന്റെ സ്ഥാപക പ്രിന്‍സിപ്പാളും, ഡയറക്ടറുമാണ് നളിനി ചന്ദ്രന്‍. 84 വയസ്സുള്ള അവരുടെ ബാല്യകാലം, സ്‌കൂള്‍-കോളേജ് ജീവിതം, സൈനിക ഉദ്യോഗസ്ഥന്റെ പത്‌നി, അധ്യാപിക, വിദ്യാഭ്യാസ വിദഗ്ധ എന്നീ നിലകളിലുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകമാണ് വിധിയെ വെല്ലുവിളിച്ച് എന്നര്‍ത്ഥത്തിലുള്ള ‘ഡിഫൈയിംഗ് ഡെസ്റ്റിനി’. നളിനി ചന്ദ്രന്റെ മൂത്ത മകളായ ദീപ്തി മേനോനും, സ്‌കൂളിലെ മുന്‍ സീനിയര്‍ അധ്യാപികയായിരുന്ന കല്‍പന രമേഷും ചേര്‍ന്നാണ് പുസ്തകം രചിച്ചത്.
പട്ടാമ്പി ലോഗോസ് ബുക്‌സ് അടുത്ത മാസം പുസ്തകം പുറത്തിറക്കും.
ഹരിശ്രീ ട്രസ്റ്റ് പ്രസിഡണ്ട് ടി.ജി.ചന്ദ്രകുമാര്‍, മുന്‍ എം.എല്‍.എ. ചന്ദ്രമോഹന്‍, ലോഗോസ് ബുക്‌സിലെ അജിത്ത്, പൂര്‍വവിദ്യാര്‍ത്ഥി ഗോകുല്‍ മോഹന്‍ അറയ്ക്കല്‍, കോളേജിലെ അധ്യാപകരായ വീണാ ഗിരീഷ്‌കുമാര്‍, സിമി മേനോന്‍, കോളേജ് സി.ഇ.ഒ. ഉണ്ണിരാജ ഐ.പി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ഞൂറോളം പേജുകളോടെയാണ് ഇംഗ്ലീഷിലുള്ള ജീവചരിത്രം.