തൃശൂര്‍: വിദ്യാഭ്യാസമേഖലയിലെ കരുത്തുറ്റ സാന്നിധ്യമായ നളിനി ചന്ദ്രന്റെ ജീവിതകഥയായ ‘ഡിഫൈയിംഗ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം ജൂലായ് 20ന് രാവിലെ 11ന് പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ദീപ്തി മേനോന്‍, കല്‍പന രമേഷ് എന്നിവരാണ് ഈ ചരിത്രഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളികളാകുന്നത്.
പുസ്തകത്തെക്കുറിച്ചുള്ള ഔപചാരിക പ്രഖ്യാപനവും ഇതോടൊപ്പം നടത്തുമെന്ന് നളിനി ചന്ദ്രന്റെ മകള്‍ ദീപ്തി മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് കേണല്‍ കെ.ആര്‍.ചന്ദ്രന്റെ അകാലത്തിന്റെ വേര്‍പാട് സൃഷ്ടിച്ച ആഘാതത്തിനിടയിലും ‘വിധിയെ വെല്ലുവിളിച്ച് ‘ മുന്നേറിയ നളിനി ചന്ദ്രന്‍ ലോകമെങ്ങും അറിയപ്പെടുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തിന്റെ ഉടമയാണ്.
ഹരിശ്രീ സ്‌കൂളിനെ ഉന്നതിയിലെത്തിച്ചതും അവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ്. അവരുടെ സംഭവബഹുലമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഡിഫൈയിംഗ് ഡെസ്റ്റിനി എന്ന പുസ്തകം. ചിത്രത്തിന്റെ കവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ചിത്രകലാ അധ്യാപകനായ കെ.പ്രസാദാണ്. പട്ടാമ്പിയിലെ ലോഗോ ബുക്‌സാണ് അടുത്ത മാസം പുസ്തകം പുറത്തിറക്കുന്നത്. ഉണ്ണിരാജന്‍ ഐ.പി.എസ്, സുരേഷ്‌കുമാര്‍.എം, ടി.വി.അനന്തനാരായണന്‍, അജിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.