കൊച്ചി: നടിയെ തട്ടിപ്പു കൊണ്ടുപോയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് ചേർത്ത് പുതിയ കേസെടുത്തു. സംവിധായകനും ദിലീപിന്റെ മുൻ സുഹൃത്തുമായിരുന്നു ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലാണ് വീണ്ടും കേസെടുത്തത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി. ബൈജു പൗലോസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തി എന്നതാണ് പുതിയ ജാമ്യമില്ലാ കേസിന് ആധാരം.
ദിലീപ് ഒന്നാം പ്രതിയും, സഹോദരൻ അനൂപ് രണ്ടാം പ്രതിയും സഹോദരി ഭർത്താവ് സുരാജ് മൂന്നാം പ്രതിയുമാണ്. മറ്റ് മൂന്നുപേർകൂടി കേസിൽ പ്രതികളായുണ്ട്. ബാലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണത്തിൽ ദിലീപ് ഉൾപ്പെടെയുള്ളവർ സമാന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്തുമെന്ന് സൂചന നൽകും വിധം ശബ്ദലേഖനം ഉണ്ടായിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് വിചാരണയുടെ അവസാനഘട്ടത്തിലാണ്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണസംഘം കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബാലചന്ദ്ര കുമാറിനെ വെളിപ്പെടുത്തൽ കണക്കിലെടുത്ത് കേസിലെ ചില സാക്ഷികളെ പുനർ വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Photo Caption: Instagram