ആറര കിലോ നെയ്മീന്‍ വാങ്ങി, 500 രൂപ ടിപ്പും നല്‍കി
ശക്തന്‍ മീന്‍മാര്‍ക്കറ്റില്‍ ‘സ്റ്റാറായി’ സുരേഷ് ഗോപി
തൃശ്ശൂര്‍: നവീകരണപദ്ധതിയുമായി ബന്ധപ്പെട്ട ശക്തനിലെ മീന്‍മാര്‍ക്കറ്റിലെത്തിയ ബി.ജെ.പി എം.പി സുരേഷ് ഗോപിക്ക്്്് നെയ്മീന്‍ കണ്ടതോടെ കൊതിയടക്കാനായില്ല. അക്കൂട്ടത്തില്‍ നിന്ന് ഒത്തൊരു നെയ്മീന്‍ ‘ഞാന്‍ എടുത്തോളാമെന്ന’ ഭാവത്തില്‍ അദ്ദേഹം കൈയിലെടുത്തുയര്‍ത്തി നോക്കി. ആറരക്കിലോ തൂക്കം വരുമെന്ന മീന്‍കാരന്‍. എടുത്തോളാമെന്ന്്് നായകന്റെ സംഭാഷണചാതുരിയോടെ സുരേഷ്‌ഗോപി പറഞ്ഞതോടെ മീന്‍കാരന്‍ നെയ്മീന്‍ വൃത്തിയാക്കാന്‍ തുടങ്ങി. തലയും വേണോയെന്ന ചോദ്യത്തിന് തലയാണ് പ്രധാനമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കിലോ 450 രൂപയായിരുന്നു നെയ്മീന്റെ വില. 3,000 രൂപയും മീന്‍കാരന് 500 രൂപ ടിപ്പും നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.
തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിന്റെ നവീകരണത്തിന് സുരേഷ് ഗോപിയുടെ എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.
മാര്‍ക്കറ്റില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാനായിരുന്നു സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം മാര്‍ക്കറ്റും പരിസരവും നടന്ന് കണ്ട സുരേഷ് ഗോപിയ്ക്ക് ചെളി നിറഞ്ഞ ഉപയോഗ്യശൂന്യമായിക്കിടക്കുന്ന കുളം മേയര്‍ എം.കെ.വര്‍ഗീസ് കാണിച്ച് കൊടുത്തു.
മാര്‍ക്കറ്റിലെ കുടിവെള്ള സ്രോതസ്സായ കുളം നവീകരിക്കാനും കുടിവെള്ള ടാങ്ക് പുതുക്കിപ്പണിയാനും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും സന്ദര്‍ശന ശേഷം എം.പിയും മേയറും അറിയിച്ചു. മാര്‍ക്കറ്റ് നവീകരണത്തിന് ഇപ്പോള്‍ അനുവദിച്ച ഒരു കോടി കൂടാതെ കൂടുതല്‍ തുക അനുവദിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് സുരേഷ് ഗോപി എം പി അറിയിച്ചു. ഇതൊരു മോഡല്‍ മാത്രമായി കണക്കാക്കിയാല്‍ മതി. കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ എം.പി.ഫണ്ട് വെട്ടിക്കുറച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ശുചിയായുള്ള വ്യാപാര അന്തരീക്ഷം ഒരുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഫ്ണ്ടിന്റെ വിനിയോഗം എന്തിലേക്കെന്ന്് നേരില്‍ കാണാന്‍ മാത്രമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
പുത്തൂരില്‍ വികസനത്തിന്റെ പേരില്‍ വ്യാപകമായി മരംമുറി നടന്നിട്ട്്് ഒരു വര്‍ഷം കഴിഞ്ഞു. യാതൊരു നടപടിയും ഇല്ല. അന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യാത്തതിനെക്കുറിച്ചുള്ള തന്റെ പ്രതികരണം മാധ്യമങ്ങള്‍ വിവാദമാക്കിയതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. മരം മുറിയെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ എത്തിയതിന്റെ പ്രാധാന്യമാണ് സല്യൂട്ട് വിവാദത്തിലൂടെ മാധ്യമങ്ങള്‍ ഇല്ലാതെയാക്കിയത്. ഇത്്് കഷ്ടം തന്നെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും, അധഃസ്ഥിതര്‍ക്കും വേണ്ടി പാര്‍ലമെന്റില്‍ ഉറഞ്ഞുതുള്ളുന്ന രാഷ്ട്രീയക്കോമരങ്ങള്‍ അവര്‍ക്കു വേണ്ടി എ്ന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാര്‍ക്കറ്റ് വികസനത്തെക്കുറിച്ച് മേയറുടെ ചേംബറില്‍ അടുത്ത ദിവസം എം.പിയും മേയറും ചേര്‍ന്ന് ചര്‍ച്ച നടത്താനും തീരുമാനിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാറും സുരേഷ്‌ഗോപിയോടൊപ്പം ഉണ്ടായിരുന്നു.