കോയമ്പത്തൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ അഞ്ച് പേരാണ് തമിഴ്നാട്ടിലെ നാമക്കലില്‍വച്ച് പിടിയിലായത്.
സേലം-ഈ റോഡ് ഹൈവേയില്‍വച്ച് തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ മോഷ്ടിച്ച 65 ലക്ഷത്തോളം രൂപയും കാറും ഉണ്ടായിരുന്നു.
ഇതിനിടെ അക്രമിസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് കാലിന് പരിക്കേറ്റെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ തകര്‍ത്ത് വന്‍ മോഷണം നടന്നത്. തൃശൂര്‍ നഗരത്തിലെ കോലഴിയിലാണ് ആദ്യത്തെ എടിഎം കൊള്ളയടിക്കപ്പെട്ടത്. രണ്ടാമത്തേത് നഗരത്തോട് ചേര്‍ന്ന് ഷൊര്‍ണൂര്‍ റോഡിലും മൂന്നാമത്തേത് ഇരിങ്ങാലക്കുട മാപ്രാണത്തുമാണ്.
മൂന്നിടത്തുമുള്ള എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മൂന്നിടത്തുനിന്നുമായി 65 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലാണ് മോഷണം നടന്നത്. കാറിലെത്തിയ സംഘമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തത്.
വെളുത്ത കാറിലാണ് കൊള്ളസംഘമെത്തിയത്. ഈ സ്ഥലത്ത് യാതൊരു തരത്തിലെ സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല എന്നത് ഉപയോഗപ്പെടുത്തിയാണ് കൊള്ളസംഘം എടിഎം തകര്‍ത്തത്. എടിഎമ്മിലെ കാമറ തകര്‍ത്തശേഷമാണ് മോഷണം നടത്തിയത്.