തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചതോടെ നിയമസഭ പ്രക്ഷുബ്ധമായി. പോറ്റി പാരഡി പാടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന്് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ സമ്മേളിക്കുക.രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടന്നത്.
സഭാനടപടികള്‍ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാര്‍ഡുകളിലുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ സഭ നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് കടന്നു.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎല്‍എമാരും എഴുന്നേറ്റ് നിന്നു.
പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂര്‍ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വര്‍ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണ് അയ്യപ്പാ.. ‘എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടില്‍ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയില്‍ സ്വര്‍ണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോര്‍ജും പറഞ്ഞു.
















