തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആനകളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം മാത്രം മതിയെന്ന നിലപാടുമായി ആനയുടമകളും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും.
വെറ്ററിനറി സംഘം പരിശോധിച്ച ആനയെ വീണ്ടും വനം വകുപ്പ് പരിശോധിക്കുമെന്ന വനംവകുപ്പിന്റെ പുതിയ സര്‍ക്കുലറാണ് തൃശൂര്‍ പൂരത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ തൃശൂര്‍ പൂരത്തിന് വിട്ടുകൊടുക്കില്ലെന്ന് ആനയുടമകള്‍ അറിയിച്ചു.
വെറ്ററിനറിസംഘം പരിശോധിച്ച ആനയെ വീണ്ടും പരിശോധിക്കുന്നത് അപ്രായോഗികമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ വ്യക്തമാക്കി.
ഇതിനൊപ്പം ആനയെ നിയന്ത്രിക്കാന്‍ 80 ആര്‍.ആര്‍.ടി അംഗങ്ങള്‍ നിര്‍ബ്ബന്ധമെന്നുള്ള നിര്‍ദേശത്തിലും ഉത്സവസംഘാടകര്‍ അതൃപ്തിയിലാണ്.
അപ്രായോഗികമായ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നും വനംവകുപ്പ് പിന്മാറണമെന്നും, തൃശൂര്‍ പൂരത്തിന്റെ തലേദിവസം ഇത്തരം നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് ദുരൂഹമാണെന്നും പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങള്‍ പറയുന്നു.
വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്. പുതിയ ഉത്തരവില്‍ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. അസോസിയേഷന്റെ പക്കല്‍ അറുപത് ആനകളുണ്ടെന്നും എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കെ.എസ് ശ്രീജിത്ത് വ്യക്തമാക്കി.
നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വനംവകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വനംവകുപ്പ് ആദ്യം ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. സര്‍ക്കുലര്‍ വിവാദമായതോടെ നാട്ടാന സര്‍ക്കുലറില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരുന്നു.