തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷകള്‍ യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപകപരാതി. സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടറില്‍ നിന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് നിശ്ചിത നിരക്കിനുള്ള ടിക്കറ്റ് നല്‍കുകയാണ് പതിവ്. യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഇറക്കിയാല്‍ പ്രീപെയ്്ഡ് നിരക്കിലും കൂടുതല്‍ ഓട്ടോ ഡ്രൈവര്‍ ഈടാക്കുന്നു. യാത്രക്കാര്‍ ഇറക്കാന്‍ ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ പ്രധാന ജംഗ്ഷന്‍ വരെ മാത്രമാണ് പ്രീ പെയ്ഡ് നിരക്കെന്നാണ് ഡ്രൈവര്‍മാരുടെ വാദം. വീട്ടിലേക്കും മറ്റും കൊണ്ടുവിടാന്‍ തോന്നുംപടി നിരക്കാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്.
പ്രീപെയ്ഡ് സെന്ററില്‍ നിന്നുള്ള ഓട്ടോകള്‍ മീറ്റര്‍ ഇടുന്നില്ല. എത്ര ദൂരം ഓടിയെന്നത് മറച്ചുവെയ്ക്കാനാണിത്. ഇതൂമൂലം ഓടിയ സ്ഥലത്തിന്റെ യഥാര്‍ത്ഥ മീറ്റര്‍ നിരക്ക് എത്രയെന്ന് യാത്രക്കാരനും അറിയാന്‍ കഴിയുന്നില്ല. ഓട്ടോകള്‍ നിര്‍ബന്ധമായും മീറ്റര്‍ ഇടണമെന്ന് ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രീ പെയ്ഡ് സെന്ററിലെ അപൂര്‍വം ഓട്ടോകള്‍ മാത്രമാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് കൂടുതല്‍ നിരക്ക് നല്‍കണം. സഞ്ചരിച്ച കിലോ മീറ്ററിന്റെ പകുതി ചാര്‍്ജ് വീതം കൂടുതല്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇവിടെയും പിടിച്ചുപറിയാണെന്ന് യാത്രക്കാര്‍ പറയുന്നു.
നേരത്തെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നുള്ള ഓട്ടോകള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. എവിടേക്കാണെന്ന് ചോദിച്ചാണ് യാത്രക്കാരെ ഓട്ടോയില്‍ കയറ്റിയിരുന്നത്. പ്രീപെയ്ഡ് ടിക്കറ്റില്‍ യാത്രക്കാര്‍ക്ക്് ഇറങ്ങാനുള്ള സ്ഥലത്തിന്റെ ജംഗ്ഷനിലേക്കുള്ള തുക മാത്രമേ കാണിക്കാന്‍ സാധിക്കുന്നുള്ളൂ. ജംഗ്ഷനില്‍ നിന്ന്് വീടുകളിലും മറ്റും എത്തിച്ചേരാന്‍ കൂടുതല്‍ ദൂരം വേണ്ടി വരും. അത്രയും ദൂരത്തേക്കാണ് തോന്നിയ ചാര്‍ജ് ഈടാക്കുന്നത്. ഇത് മറച്ചുവെയ്ക്കുന്നതിനാണ് പ്രീപെയ്ഡ് ഓട്ടോകള്‍ മീറ്റര്‍ ഇടാത്തത്.