കൊച്ചി: ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ന്യൂ ഇന്ത്യന്‍ ഏക്‌സ്പ്രസ്സ് എപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പത്രത്തിന്റെ കലൂരിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. 2014 ഏപ്രില്‍ 23ന് മുന്നറിയിപ്പില്ലാതെ കലൂരിലെ പ്രസും അനുബന്ധ സംവിധാനങ്ങളും മാനേജ്‌മെന്റ് അടച്ചുപൂട്ടുകയും, 21 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഓഫീസ് ഏകപക്ഷീയമായി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്ന് 2022 ഡിസംബറില്‍ ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഇതിനോടകം റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ തൊഴിലാളികള്‍ക്ക് എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുക്കണമെന്നും, മറ്റു് തൊഴിലാളികള്‍ക്ക് വേജ് ബോര്‍ഡ് ശിപാര്‍ശ പ്രകാരം ഇതുവരെ കൊടുക്കുവാനുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്ത് ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും അസോസിയേഷന്‍ രേഖാമൂലം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചു.