തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പട്ടുള്ള നീക്കത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രീകരിച്ചുള്ള പടക്കനിര്‍മാണ ലോബിയെന്ന് സൂചന. നേരത്തെ തന്നെ ശിവകാശി ലോബിയുടെ നീക്കത്തെ തുടര്‍ന്ന് വെടിക്കെട്ടില്‍ ശബ്ദത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് വിവാദമായിരുന്നു.
ഡോ.തോമസ് ഐസക് ധനമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വെടിക്കോപ്പു നിര്‍മാണശാല നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. തൃശൂരില്‍ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ സ്ഥലവും കണ്ടെത്തി. വെടിക്കെട്ട് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വെടിക്കോപ്പ് നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. എന്നാല്‍ വെടിക്കോപ്പ് നിര്‍മാണശാല നിര്‍മാണം അനിശ്ചിതത്വത്തിലായത് ശിവകാശി ലോബിയുടെ ഇടപെടല്‍ മൂലമെന്ന് ആരോപണമുയര്‍ന്നിരുന്നു. വെടിക്കോപ്പു നിര്‍മാണശാലയ്ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടും അത് നടപ്പിലാക്കാന്‍ തൃശൂരിലെ ഭരണപക്ഷ മന്ത്രിമാരും, എം.എല്‍.എമാരും ശ്രമിച്ചുമില്ല.
വെടിക്കെട്ടിലെ നിയന്ത്രണങ്ങളില്‍ ഇളവിനായി കേന്ദ്രമന്ത്രികൂടിയായ സുരേഷ്‌ഗോപി ശ്രമിച്ചിരുന്നു. ശ്രമങ്ങള്‍ സത്വരം തുടരുന്നതിനിടയിലാണ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വെടിക്കെട്ട് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കടുപ്പിച്ചത്.
2016-ലെ കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ശേഷം ഓരോ വര്‍ഷം കഴിയുന്തോറും നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് പടക്കങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. കടുത്ത ശബ്ദനിയന്ത്രണം വന്നതോടെ വെടിക്കെട്ടിന് ജനപ്രീതി കുറഞ്ഞു. നിയന്ത്രണം കര്‍ശനമായതോടെ ചൈനീസ് പടക്കങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡായിരുന്നു. തമിഴ്‌നാട്ടിലാണ് കൂടുതലും ചൈനീസ് പടക്കങ്ങളുടെ നിര്‍മാണശാലകള്‍ ഉള്ളത്.