Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രിയാ വര്‍ഗീസിന് ആശ്വാസം; സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവും രാജ്യസഭാ മുന്‍ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ്  സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു.

നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു.ജി.സി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യു.ജി.സി കോടതിയില്‍ നല്‍കിയത്.

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് അന്ന് വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാല്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാകൂവെന്നാണ് യു.ജി.സി. വ്യക്തമാക്കിയത്.

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു.

യോഗ്യത വിഷയത്തിൽ വ്യക്തിപരമായി വലിയ ആക്ഷേപങ്ങൾ നേരിടേണ്ടി വന്നു എന്നും എൻഎസ്എസ് കോഡിനേറ്റർ ആയുള്ള പ്രവർത്തനം അധ്യാപനത്തിന്റെ ഭാഗമാണ് എന്ന് പൂർണമായും വിശ്വസിക്കുന്നു എന്നും അധ്യാപനം എന്നത് എന്ത് എന്നത് കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കേണ്ട കാര്യമാണ് എന്നും പ്രിയ വർഗീസ് പ്രതികരിച്ചു. വ്യക്തിപരമായും വലിയ സന്തോഷം നൽകുന്ന വിധിയാണ് എന്ന് പ്രിയ കൂട്ടിച്ചേർത്തു.

വിധി പഠിച്ചശേഷം പ്രിയയുടെ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. യുജിസി മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇങ്ങനെ ഒരു വിധി വന്നത് വിചിത്രമായി തോന്നുന്നു എന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പ്രവർത്തകനായ ആർ.എസ് ശശികുമാർ പറഞ്ഞത്.

അഭിഭാഷകരുമായി ചർച്ചചെയ്ത് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനും ചങ്ങനാശ്ശേരി എസ് ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ജോസഫ് സ്കറിയ പറഞ്ഞു. വിധി അപ്രതീക്ഷിതം എന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *