പോലീസ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി.വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കഥയ്ക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഇതെന്നും വേണുഗോപാല്‍ പറഞ്ഞു
കൊച്ചി: വയനാട് എം.പിയും, എ.ഐ.സി.സി നേതാവുമായ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത കേസന്വേഷണത്തില്‍ വഴിത്തിരിവ്. ഓഫീസില്‍ ആക്രമണം നടത്തി അക്രമികള്‍ സ്ഥലം വിട്ടതിന് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രവും, വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് പോലീസിന്റെ റിപ്പോര്‍ട്ട്. എസ്.എഫ്.ഐക്കാര്‍ പോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലെത്തിയിരുന്നു. ഇതിനു ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുലിന്റെ ചിത്രവും വാഴയും ഓഫീസില്‍ സ്ഥാപിച്ച ശേഷമാണ് എസ്.എഫ.്ഐക്കാര്‍ മടങ്ങിയത്. ഈ സമയത്ത് ഗാന്ധി ചിത്രം ചുവരില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലെത്തിയ ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് ചിത്രം മുഖം കാണുന്ന രീതിയിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പോലീസ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി.വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കഥയ്ക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഇതെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയില്‍ പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയതാണ്.
രാഹുല്‍ ഗാന്ധിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി പറയാത്തത് മഹാഭാഗ്യം. അങ്ങനെയെങ്കില്‍ പോലീസ് റിപ്പോര്‍ട്ട് അത്തരിത്തിലായേനെയെന്നും വേണുഗോപാല്‍ പരിഹസിച്ചു.