തൃശൂര്‍: ചേംബര്‍ ഓഫ് കോമേഴ്‌സിന്റെയും തൃശൂര്‍ കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 16 മുതല്‍ 2024 ജനുവരി 1 വരെ 3-ാമത് തൃശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 16 ശനിയാഴ്ച വൈകുന്നേരം 5.30 ന് തൃശൂര്‍ പാലസ് റോഡിലെ ചേംബര്‍ ഓഫ് കോമേഴ്സ് മുതല്‍ ഇ.എം.എസ്. സ്‌ക്വയര്‍ വരെ വര്‍ണ്ണാഭമായ ഉദ്ഘാടന ഘോഷയാത്ര സംഘടിപ്പിക്കും. വാദ്യ ഘോഷ മേള അകമ്പടികളോടെ നടത്തുന്ന ഘോഷ യാത്രയുടെ സമാപനസ്ഥലമായ ഇ.എം.എസ് സ്‌ക്വയറില്‍ തൃശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഉദ്ഘാടന സമ്മേളനവും, ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിക്കുന്നതാണ്.
ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് തൃശൂരിലെ പ്രധാന വീഥികള്‍ ദീപാലങ്കാരങ്ങളാല്‍ കമനീയമാക്കും. അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുമായി സഹകരിച്ച് ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ നെഹ്‌റുപാര്‍ക്കിന് സമീപം തേക്കിന്‍കാട് മൈതാനിയില്‍ ഫ്‌ളവര്‍ഷോ സംഘടിപ്പിക്കും. ഇക്കണ്ടവാരിയര്‍ റോഡിലെ ജോസ് ആലുക്കാസ് സ്‌ക്വയറില്‍ ആകര്‍ഷകമായ ഫുഡ് കോര്‍ട്ട് ഒരുക്കുകയും, ഫുഡ് കോര്‍ട്ടില്‍ ഡിസംബര്‍ 20 മുതല്‍ ജില്ലാ ഫോട്ടോഗ്രഫി അസ്സോസിയേഷനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനവും, കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്യും. ജില്ലാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി സഹക രിച്ച് തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ വ്യക്തികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഡിസംബര്‍ 31 ന് ശക്തന്‍ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ചെമ്മീന്‍ ബാന്‍ഡ് നയിക്കുന്ന സംഗീത നിശയോടൊപ്പം ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സമാപനസമ്മേളനവും, പുതുവത്സരാഘോഷവും, ഫാഷന്‍ ഷോയും നടത്തപ്പെടും.
ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വേദികളിലേക്കും, ദീപാലങ്കാരങ്ങളുള്ള പ്രധാന വഴികളിലേക്കും, പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് സര്‍വ്വീസ് സംഘടിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പ്രത്യേക ബസ് സര്‍വ്വീസും ഉണ്ടായിരിക്കും.
കോര്‍പ്പറേഷന്‍ മേയര്‍ എം..കെ.വര്‍ഗീസ്്് ചെയര്‍മാനും, കല്യാണ്‍ സില്‍ക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമന്‍ ജനറല്‍ കണ്‍വീനറുമായുള്ള തൃശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കമ്മിറ്റിയില്‍, പി.കെ.ജലീല്‍, സോളി തോമസ് എന്നിവര്‍ കണ്‍വീനര്‍മാരാണ്. തൃശൂര്‍ എം.എല്‍.എ. പി.ബാലചന്ദ്രന്‍, ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐ.പി.എസ് എന്നിവര്‍ തൃശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സഹകാരികളാണ്.
മേയര്‍ എം.കെ.വര്‍ഗ്ഗീസ്, മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ജീജി ജോര്‍ജ്, ചേംബര്‍ ഓഫ് കോമേഴ്സ് കണ്‍വീനര്‍ സോളി തോമസ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പി.ആര്‍.ഒ ടോജോ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.