മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ പങ്കെടുക്കാനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരിലെ പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവ് സി. മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റായ സി. മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യു.ഡി.എഫ് വിലക്കിനെ മറികടന്നാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസില്‍ പങ്കെടുക്കാനെത്തുന്നത്.
ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ, നവകേരള സദസ്സ് ഇന്ന് മുതല്‍ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പടെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികള്‍. 28 ന് തിരൂരില്‍ വെച്ച് മന്ത്രിസഭാ യോഗവും ചേരും.
എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒരുങ്ങുന്നത്.
നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. കുസാറ്റ് അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കിയായിരുന്നു ഇന്നലെ നവകേരള സദസ്സ് പരിപാടികള്‍ നടന്നത്. തിരുവമ്പാടി, കൊടുവള്ളി, കുന്നമംഗലം, ബേപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടികള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നിന്ന് 30,900 പരാതികളാണ് ലഭിച്ചത്. ഇതോടെ നവകേരള സദസ്സ് നാല് ജില്ലകള്‍ പൂര്‍ത്തിയാക്കി.