സംഘാടകർക്കും പോലീസിനും സംഭവിച്ചത് വൻ വീഴ്ച്ച
സംഗീത പരിപാടി തുടങ്ങുന്നതിനു മുൻപ് പെയ്ത ചാറ്റൽ മഴയിൽ നൂറുകണക്കിനാളുകൾ ആംഫി തീയേറ്ററിന്റെ ഇടുങ്ങിയ കവാടത്തിലെ താഴേക്കുള്ള ചവിട്ടുപടിയിൽ തിങ്ങിനിറഞ്ഞത് നാലു ജീവനുകൾ പൊലിഞ്ഞ അപകടത്തിലേക്ക് വഴിവച്ചു
തിക്കിലും തിരക്കിലും പെട്ട് ആദ്യം കുഴഞ്ഞു വീണത് 12 പേർ
കൊച്ചി: കുസാറ്റില്‍ (ശാസ്ത്രസാങ്കേതിക സര്‍വകലാശാല) ടെക്ഫെസ്റ്റിനിടയിലുണ്ടായ തിക്കിലും,തിരക്കിലും നാല് പേര് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, യുവാവായ ആൽവിൻ ജേക്കബ് (മുണ്ടൂർ, പാലക്കാട്) എന്നിവരാണ് മരണപ്പെട്ടത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. പരിക്കേറ്റവരില്‍ നാല് പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജിലും, കിന്‍ഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും നടത്തുന്ന ടെക്ഫെസ്റ്റിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്.
കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പണ്‍ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോള്‍ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേര് ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിന്‍നിരയില്‍ നിന്നവര്‍ക്കും, വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.
അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാര്‍ അറിയിച്ചു. കേസില്‍ ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ തന്നെ വളണ്ടിയര്‍മാരായി നടത്തിയ പരിപാടിയായിരുന്നു. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും എ.ഡി.ജി.പി പറഞ്ഞു.
പുറകില്‍ നിന്നുള്ള തള്ളില്‍ മുന്നിലുണ്ടായിരുന്നവര്‍ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീണു. വീണവര്‍ക്ക് ചവിട്ടേറ്റു. മുന്നില്‍ ആളുകള്‍ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതേ ആയിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാന്‍ ഗേറ്റ് അടച്ചതാണ് പ്രശ്നമായത്. 1000 മുതല്‍ 1500 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകള്‍ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ എ.ഡി.ജി.പി സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞു.