തൃശൂർ : മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ തുടരുന്ന അസഹിഷ്ണുതയും പ്രകോപനപരമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി . മന്ത്രിയെ പിന്തുണച്ച് കുന്നംകുളം എം.എല്‍.എ. എ.സി മൊയ്തീനും മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറി. മൈക്കും ക്യാമറയും തട്ടിത്തെറിപ്പിച്ചു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരുവരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റവും വാക്കുകളുമാണ് ഉണ്ടായത്. ഇത് അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തുടര്‍ച്ചയായ രണ്ടാം ദിനവും മന്ത്രി പ്രകോപിതനായി പെരുമാറുകയായിരുന്നു. ആദ്യ ദിനം ഇത് മലപ്പുറത്തായിരുന്നെങ്കില് തിങ്കളാഴ്ച തൃശ്ശൂരിലായിരുന്നു. എരുമപ്പെട്ടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കായിക മന്ത്രിയോട് മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം ചോദിച്ചതാണ് പ്രകോപനം. തൃശ്ശൂരിലെ 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറുടെ കഴുത്തിനു പിടിച്ച മന്ത്രി ചെവിയില്‍ സ്‌പോണ്‍സറോട് പോയി ചോദിക്കാന്‍ പറഞ്ഞു മാന്യതയില്ലാത്ത വാക്കുകളും പ്രയോഗിച്ചു. ചാനല്‍ റിപ്പോര്‍ട്ടറുടെ തോളില്‍ കയ്യിട്ടു ബലമായി മാറ്റിക്കൊണ്ടുപോയായിരുന്നു പ്രകോപനം. മറ്റു മാധ്യമങ്ങളുടേയും മൈക്കും ക്യാമറയും തട്ടിത്തെറിപ്പിച്ചു. കുന്നംകുളം എം.എല്‍.എ. എ.സി മൊയ്തീനും ക്യാമറകള്‍ തള്ളി മാറ്റി രൂക്ഷമായി പെരുമാറി.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തകരോട് പോലും ഇത്തരം അസഹിഷ്ണുതയാണ് മന്ത്രിയും എം.എല്‍.എ.യും വെച്ചുപുലര്‍ത്തുന്നതെങ്കില്‍ ഈ നടപടി നിയമപരമായി വെച്ചുപൊറിപ്പിക്കാനാകില്ല. രാജ്യത്ത് നീതിന്യായ സംവിധാനങ്ങള്‍ ജനപ്രതിനിധികള്‍ക്കും മുകളിലാണെന്ന കാര്യം ഓര്‍ക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റക്ക് വേണ്ടി പ്രസിഡന്റ് എം. ബി. ബാബുവും സെക്രട്ടറി രഞ്ജിത്ത് ബാലനും പ്രതിഷേധകുറിപ്പില്‍ അറിയിച്ചു.
കായിക മന്ത്രി മാധ്യമ അസഹിഷ്ണുത അവസാനിപ്പിക്കണം : kuwj
















