തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോധവത്കരണത്തിന് വിധേയമാകുന്നത് സ്ത്രീകളാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണിന്ന് സ്ത്രീകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബോധവത്കരണം വേണ്ടെന്ന നിലപാടിലാണ് പുരുഷന്‍മാര്‍.
തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് തൃശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍
തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണ്. പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത സ്ഥിതി ചില മേഖലയിലുണ്ട്. ചിലയിടങ്ങളില്‍ പ്രസവാനുകൂല്യങ്ങള്‍ ലഭ്യമല്ല. ചില സ്ഥലത്ത് നിയമപരമായ കൂലി നല്‍കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം വനിതാ കമ്മിഷന്‍ 11 തൊഴില്‍ മേഖലകളെ കണ്ടെത്തി സ്ത്രീകള്‍ക്കായി പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. അസംഘടിത മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹിക പരിരരക്ഷ, ക്ഷേമപദ്ധതികള്‍ എന്നിവ സംബന്ധിച്ച് വനിതകള്‍ക്ക് അറിവു പകരുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്.
വീടുകളിലെ ഭാരിച്ച ജോലിക്കൊപ്പം തൊഴില്‍ സ്ഥലങ്ങളിലെ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇരട്ട ചൂഷണത്തിനാണ് വിധേയമാകുന്നത്. തൊഴില്‍സ്ഥലത്ത് നാമമാത്രമായ കൂലിക്ക് പണിയെടുക്കുന്ന സ്ത്രീക്ക് വീട്ടിലെ ജോലിക്ക് വേതനം ലഭിക്കുന്നില്ല. വീട്ടിലെ മുതിര്‍ന്നവരുടെ പരിപാലനം, മറ്റു കുടുംബാംഗങ്ങളുടെ പരിപാലനം, ശുചീകരണം, ഭക്ഷണം പാചകം ചെയ്യല്‍ തുടങ്ങിയവയെല്ലാം സ്ത്രീകളാണ് നിര്‍വഹിക്കുന്നത്. സ്ത്രീകളുടെ അധ്വാനഭാരം ലഘൂകരിച്ചു നല്‍കുന്നതിന് സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കാന്‍ മറ്റു കുടുംബാംഗങ്ങള്‍ ശ്രമിക്കണം. വീട്ടിലെ ജോലികള്‍ പുരുഷന്മാരുള്‍പ്പെടെ മറ്റു കുടുംബാംഗങ്ങളും സ്ത്രീകള്‍ക്കൊപ്പം സഹകരിച്ച് നിര്‍വഹിക്കണം. യഥാര്‍ഥ സ്നേഹം ഉത്തരവാദിത്തം പങ്കുവയ്ക്കുന്നതിലൂടെയാകണം.
വില കുറഞ്ഞ വസ്തുവായി സ്ത്രീകളെ കാണുന്ന മനോഭാവത്തിന് മാറ്റമുണ്ടാകണം. ഈ ഡിജിറ്റല്‍ കാലഘട്ടത്തിലും ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പെണ്‍കുട്ടികള്‍ വിലപേശി വില്‍ക്കപ്പെടുന്ന വിവാഹ കമ്പോളത്തിലെ വസ്തുക്കളായി മാറിയതാണ് അടുത്തിടെയുണ്ടായിട്ടുള്ള സ്ത്രീധന മരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ഈ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് ഏറെ ആശങ്കയോടെയാണ് കാണുന്നത്. പണത്തോടുള്ള ആര്‍ത്തിമൂലം ഏതു കുറ്റകൃത്യവും ചെയ്യാനുള്ള മനസുള്ള സമൂഹമായി മാറുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, തൃശൂര്‍ ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. മീര, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മെമ്പര്‍ രജിത വിജിഷ്, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസര്‍ റ്റി.ജെ. മജീഷ്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 എന്ന വിഷയം അഡ്വ. ആശ ഉണ്ണിത്താനും അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയം കില അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃതയും അവതരിപ്പിച്ചു.