സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമണ്ഡലം തൃശൂര്‍ തന്നെ
തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി സജീവമായേക്കും. ഒക്്‌ടോബര്‍ രണ്ടിന് സഹകരണമേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ ജില്ലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദയാത്രയും നടത്തുന്നുണ്ട്. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി തൃശൂരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ നിയമിച്ചതിന് തുടര്‍ച്ചയായിട്ടാണെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.
എ ക്ലാസ് മണ്ഡലമായി ബി.ജെ.പി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് കേന്ദ്രനേതാക്കളുടെയും ആഗ്രഹം. ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെയാണ് അറിയിച്ചിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
പുതിയ പദവി നല്‍കിയത് കേരളത്തില്‍ നിന്ന് തന്നെ മാറ്റാനാണെന്ന നിലപാടിലാണ് സുരേഷ് ഗോപി.
ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാലുടന്‍ അദ്ദേഹം കേന്ദ്രനേതൃത്വത്തെ നേരില്‍ കാണും.
തൃശ്ശൂരില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. രണ്ടുലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടുനേടിയ അദ്ദേഹം വോട്ടുശതമാനം 2014 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് കിട്ടിയതിനെക്കള്‍ മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ചു. 2014-ല്‍ കെ.പി.ശ്രീശന് കിട്ടിയത് 8.05 % വോട്ടായിരുന്നു. അതിന് മുമ്പ് രമാ രഘുനന്ദന് 4.66%.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി നേരിയ വോട്ടുവ്യത്യാസത്തിലാണ് മൂന്നാമതായത്.സുരേഷ് ഗോപിക്ക് 31.30 ശതമാനം വോട്ടുകിട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ പത്മജ വേണുഗോപാലിന് 33.22 ശതമാനം വോട്ടായിരുന്നു കിട്ടിയത്. സി.പി.ഐയിലെ പി.ബാലചന്ദ്രനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ അഡ്വ.ബി. ഗോപാലകൃഷ്ണന് ഇവിടെ 19.46 ശതമാനം വോട്ടാണ് ലഭിച്ചത്.