കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്ന് രാവിലെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി.
സ്വപ്ന സുരേഷിനെ പ്രതികരണത്തിനായി മാധ്യമസംഘം ജയിലിന് പുറത്ത് കാത്തുനിന്നെങ്കിലും സ്വപ്ന പ്രതികരിച്ചില്ല.സ്വപ്നയെ നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുവാന്‍ ജയിലിലെത്തിയ അമ്മ പ്രഭാ സുരേഷ് കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പിന്നീട് സംസാരിക്കാമെന്ന് പ്രതികരിച്ചു.
ഒരു വര്‍ഷവും രണ്ടു മാസത്തിനു ശേഷമാണ് സ്വപ്ന സുരേഷ് ജയില്‍മോചിതയാകുന്നത്.യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന പി.എസ് സരിത്തും സന്ദീപ് നായരും സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളാണ്.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അനധികൃത സ്വത്ത് സമ്പാദനവും സംബന്ധിച്ച് ആറ് കേസുകളാണ് നിലവില്‍ സ്വപ്നക്കെതിരെ ഉള്ളത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചു.
സ്വപ്നയെ കേസുകളില്‍ കുടുക്കുകയായിരുന്നുവെന്ന് സ്വപ്നയുടെ അമ്മ പ്രഭാ സുരേഷ് ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സ്വപ്നക്ക് ശാരീരികമായ ചില അവശതകള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥകള്‍ പ്രകാരം കേസുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതില്‍ വിലക്ക് ഉണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു.
Photo Credit: Twitter