തൃശൂര്‍: സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഒടിടി റിലീസിംഗ് പ്രഖ്യാപിച്ചതോടെയാണിത്. മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.
മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററില്‍ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായതാണ്. തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
തിയറ്ററില്‍ റിലീസ് ചെയ്യാന്‍ നാല് കോടി എണ്‍പത്തിയഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപയാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. 40 കോടി നല്‍കിയെന്ന പ്രചാരണം വ്യാജമാണ്.. മുന്‍പ് തിയറ്റര്‍ ഉടമകള്‍ തനിക്ക് ഒരു കോടി രൂപയിധികം തരാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന്് മാസങ്ങളോടെ അടച്ചിട്ട തിയേറ്ററുകള്‍ കഴിഞ്ഞ മാസം അവസാനമാണ് തുറന്നത്. അന്യഭാഷാ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം.
ഇരുന്നൂറോളം ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ടെന്നും മറ്റ് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് തീയേറ്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും തൃശ്ശൂര്‍ ജോര്‍ജേട്ടന്‍സ് രാഗം പ്രൊപ്രൈറ്റര്‍ എന്‍ കെ സുനില്‍ ന്യൂസ് കേരളയോട് പറഞ്ഞു.
Photo Credit: Face Book