തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്വര്‍ണാഭരണ നിര്‍മാണ, വില്പനശാലകളില് നടന്ന റെയ്ഡില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംസ്ഥാന നികുതി വകുപ്പിന്റെ ചരിത്രത്തിലെ എറ്റവും വലിയ റെയ്ഡിന് നേതൃത്വം നല്‍കുകയും നേരിട്ട് പങ്കെടുക്കുകയും ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥരെയും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിനന്ദിച്ചു. സംസ്ഥാന ജി.എ.സ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ഓപ്പറേഷന്നാണ് തൃശൂരില്‍ നടന്നത്. എഴുന്നൂറോളം ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ടെറെ ദെല്‍ ഒറോ’ അഥവാ സ്വര്‍ണ ഗോപുരം എന്ന പേരില്‍ നടന്ന റെയ്ഡില്‍ പങ്കെടുത്തു. പരിശീലനത്തിന്റെ പേരു പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയത്. റെയ്ഡ് വിവരം പരമരഹസ്യമാക്കി വെച്ചു.
അഞ്ച് ടൂറിസ്റ്റ് ബസുകളിലും ഏഴ് വാനുകളിലുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ജി.എസ്.ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍മാത്രം ഒപ്പറേഷന് വിവരങ്ങള്‍ പങ്കുവച്ചു. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഇന്റലിജന്‍സ് യൂണിറ്റുകള്‍, എറണാകളും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജി.എസ.്ടി ഓഡിറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. തൃശൂരില്‍ എത്തിച്ച വാഹനങ്ങളില്‍ വിനോദ സഞ്ചാര സംഘം എന്ന ബാനര്‍ കെട്ടിയിരുന്നു. അയല്‍ക്കൂട്ട സംഘങ്ങളുടെ ഉല്ലായാത്ര എന്ന പേരിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ വിന്യാസം.എറണാകുളത്തും തൃശൂരുമായാണ് ഉദ്യോഗസ്ഥ സംഘങ്ങളെ പരിശീലനത്തിന്റെ പേരില്‍ എത്തിച്ചത്. ഓപ്പറേഷനില്‍ 75 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി പരിശോധന നടത്തി. ജില്ലയിലെ 38 വ്യാപരികളുടെ സ്വറണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങള്‍, വില്പന കേന്ദ്രങ്ങള്‍, വസതികള്‍ എന്നിവടങ്ങളിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച പരിശോധന ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അവസാനിപ്പിച്ചത്. ശരാശരി പത്തു പേര് വീതമായിരുന്നു ഒരോ സ്ഥാപനത്തിലും പരിശോധനയില്‍ പങ്കെടുത്തത്. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വര്‍ണമാണ് ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്. ഇവയില്‍ നിര്‍മ്മാണത്തിലിരിക്കുന്നതും, ജോലികള്‍ പൂര്‍ത്തിയാക്കിയതുമായ ആഭരണങ്ങളുമുണ്ട്. കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന് മൂല്യത്തിന് അനുസരിച്ച് നികുതിയും പിഴയും വ്യാപാരികള്‍ അടയ്ക്കേണ്ടിവരും. എങ്കില്‍ മാത്രമേ സ്വര്‍ണം വിട്ടുകിട്ടുകയുള്ളൂ. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണ്ണത്തിന്റെ ഏകദേശ വില ഇതുവരെ വ്യാപാരികളില്‍നിന്ന് 4.3 കോടി രൂപ നികുതിയും പിഴയുമായി ഈടാക്കിയിട്ടുണ്ട്.
കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നതും പരിശോധിക്കാനാണ് ജി.എസ്.ടി വകുപ്പിന്റെ തിരുമാനം. അനധികൃത വ്യാപരികള്‍ സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവയിലും വിശദമായ പരിശോധനയുണ്ടാകും. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറി ലോക്കറിലേക്ക് മാറ്റി.