ന്യൂസ്സ് കേരള ഡോട്ട് കോം ഇംപാക്ട്
തൃശൂര്‍: നഗരമധ്യത്തിലുള്ള ടൗണ്‍ഹാള്‍ വളപ്പിലെ റോഡരികിലുള്ള അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ വെട്ടിമാറ്റും. റോഡിലേക്ക് തകര്‍ന്നു വീണ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റി. അപകടാവസ്ഥയിലുള്ള ജീര്‍ണാവസ്ഥയിലായ വന്‍മരങ്ങളെക്കുറിച്ചും, റോഡിലേക്ക് വീണുകിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ന്യൂസ്സ് കേരള ഡോട്ട് കോം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച ടൗണ്‍ഹാള്‍ വളപ്പിലെ മരം റോഡിലേക്ക് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിരുന്നു. മരം വീണത് വെളുപ്പിനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. പകല്‍ പാലസ് റോഡില്‍ നല്ല ജനത്തിരക്ക് ഉണ്ടാകാറുണ്ട്്. ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീണതോടെ റോഡിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറക് വശം ടൗണ്‍ഹാള്‍ വളപ്പിലെ ഉങ്ങ്, കശുമാവ് മരങ്ങളാണ് ഏതുസമയവും കടപുഴകി വീണേക്കാവുന്ന സ്ഥിതിയിലുള്ളത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച വന്മരങ്ങള് ചാഞ്ഞു നില്ക്കുന്നതിനാല് ടൗണ്‍ഹാളിലെ മതിലും പുറത്തേക്ക് തള്ളി നില്ക്കുന്നു. തൊട്ടടുത്ത സാഹിത്യഅക്കാദമി ബുക്ക് സ്റ്റാളിന് മുന്നിലെ മതിലും ഏതുസമയവും റോഡിലേക്ക് നിലംപതിക്കുന്ന നിലയിലാണ് .