തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ പൊതുമരാമത്തുവകുപ്പിന്റെ കോണ്‍സ്റ്റിസ്റ്റുവന്‍സി മോണിറ്ററിംഗ് ടീമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിന്റെ അകത്തെ നിര്‍മ്മാണം ഭൂരിഭാഗവും കഴിഞ്ഞു. അവസാനഘട്ടത്തിലെ പെയിന്റിംഗും, എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിനകത്ത് നിര്‍മ്മാണം കഴിഞ്ഞ കോണ്‍ക്രീറ്റ് റോഡില്‍ വരയിടലും തുടങ്ങി.
പടിഞ്ഞാറെ ഭാഗത്തെ നിലവിലെ പാത പൊളിക്കും. ഇവിടെ പുതിയ പാത നിര്‍മ്മിക്കും. പടിഞ്ഞാറ് ഭാഗത്ത് പാറ പൊടിക്കുന്നതിനായി അനുമതി കിട്ടണം. പാറപൊട്ടിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടവ അടിയന്തരമായി ചെയ്യാന്‍ കമ്പനി തയ്യാറായിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് നിലവിലെ പാത പൊളിച്ച് പുതിയ റോഡ് നിര്‍മ്മിക്കും. മഴയ്ക്ക് മുന്‍പ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം.
രണ്ടാം തുരങ്കത്തില്‍ എക്‌സ്‌ഹോസ്റ്റുകള്‍, അഗ്നിരക്ഷാ ഉപകരണങ്ങള്‍, ഹൈഡ്രന്റ് പോയിന്റുകളും ഫയര്‍ ഹോസ് റീലുകള്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തുരങ്കത്തിന്റെ ഇരുഭാഗത്തുമുള്ള കവാടങ്ങളുടെ നിര്‍മ്മാണവും കഴിഞ്ഞു. കിഴക്കുഭാഗത്ത്് പാലത്തിലേക്കുള്ള വില്ലന്‍ വളവ് മുതല്‍ തുരങ്കമുഖം വരെയുള്ള റോഡിന്റെ ആദ്യഘട്ട ടാറിംഗും പൂര്‍ത്തിയാക്കി.
…………………