തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന് കാല്‍നാട്ടി. രാവിലെ ഒന്‍പതേ കാലിനും, പത്തേകാലിനും ഇടയിലെ ശുഭമുഹൂത്തത്തിലായിരുന്നു കാല്‍നാട്ടല്‍ കര്‍മ്മം നടത്തിയത്. പാറമേക്കാവ് ക്ഷേത്രത്തിലെ മേക്കാവ് മേല്‍ശാന്തി കാരേക്കാട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തിയ ശേഷമാണ് പന്തലിന് കാല്‍നാട്ടിയത്. ആറാട്ടുപുഴ സ്വദേശി കൃഷ്ണകുമാറാണ് മണികണ്ഠനാല്‍ പന്തല്‍ പണിയുന്നത്. തൃശൂര്‍ പൂരത്തിന് നാലാം പ്രാവശ്യമാണ് കൃഷ്ണകുമാര്‍ പൂരപന്തലിന്റെ മേല്‍നോട്ടം വഹിക്കുന്നത്. രണ്ട് തവണ തിരുവമ്പാടിക്കും, ഒരു തവണ പാറമേക്കാവിനും പൂരപ്പന്തല്‍ കൃഷ്ണകുമാര്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപൂഴ, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം, പാലക്കാട് മണപ്പുള്ളിക്കാവ്, പാലക്കാട് കുനിശ്ശേരി എന്നിവിടങ്ങളിലും കൃഷ്ണകുമാര്‍ പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇത്തവണ എല്‍.ഇ.ഡിയുടെ പ്രഭാപൂരത്തിലാണ് മണികണ്ഠനാല്‍ പന്തല്‍. ക്ലാസിക് ഗോപാലകൃഷ്ണനാണ് വൈദ്യുതാലങ്കാരത്തിന്റെ ചുമതല. തൃശൂര്‍ പൂരത്തിന് 11 തവണ വൈദ്യുതാലങ്കാരം ഒരുക്കിയതിന്റെ പരിചയസമ്പത്തിലാണ് ഇത്തവണ ഗോപാലകൃഷ്ണന്‍ പാറമേക്കാവിന്റെ പൂരപ്പന്തലിന് ദൃശ്യഭംഗി ഒരുക്കുന്നത്. പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ ഡോ.ബാലഗോപാല്‍. ജി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി