തൃശൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്ലയാളാണെന്നും, വികസനത്തിനാണ് തന്റെ പിന്തുണയെന്നുമുള്ള മേയര്‍ എം.കെ.വര്‍ഗീസിന്റെ പ്രതികരണം വിവാദമായി. ഇതോടെ സുരേഷ്‌ഗോപിക്ക് മേയര്‍ പിന്തുണ അറിയിച്ചതായുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ നിറഞ്ഞു. പിന്നീ്ട് ചാനലുകളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മേയര്‍ വ്യക്തമാക്കി.
തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് തേടുന്നതിനിടെയാണ് സുരേഷ് ഗോപി മേയറുടെ ചേംബറിലും എത്തിയത്. കോര്‍പ്പറേഷന്‍ മത്സ്യച്ചന്തയില്‍ വികസനത്തിന് ഒരു കോടി നല്‍കിയതുള്‍പ്പടെ ഇരുവരും സംസാരിച്ചു. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ്‌ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം തെറ്റാണെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. എപ്പോഴും താന്‍ എല്‍.ഡി.എഫിനൊപ്പമാണന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ഇടതുപക്ഷത്തിന് ദോഷമാകുന്ന ഒന്നും താന്‍ ചെയ്യില്ല. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
സുരേഷ് ഗോപി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്.
മറ്റുള്ള സ്ഥാനാര്‍ത്ഥികളും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മൂന്നു സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്. മൂന്നുപേരും ഫിറ്റാണ്. സുനില്‍കുമാര്‍ എക്‌സ്ട്രാ ഓര്‍ഡിനറി മിടുക്കന്‍. സുരേഷ് ഗോപിക്ക് രാഷ്ട്രീയ പിന്തുണ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് ആയിരുന്നു നേരത്തെ മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞത്. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മിടുക്കനാണെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. സുരേഷ് ഗോപി കോര്‍പ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവര്‍ വാഗ്ദാനം മാത്രം നല്‍കി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താന്‍ വോട്ടു ചെയ്യുക എന്നും മേയര്‍ നേരത്തെ പറഞ്ഞിരുന്നു.