തൃശൂര്‍: ജില്ലയില്‍ ഉച്ചയ്ക്ക്് ആഞ്ഞടിച്ച മിന്നല്‍ചുഴലി ഭീതി പരത്തി. പലയിടത്തും വന്‍ മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ റോഡിലേക്ക് മരം വീണു. വാഹനഗതാഗതം തടസ്സപ്പെട്ടു. കൊക്കാലെയില്‍ നിരവധി കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണു. അയ്യന്തോള്‍ റോഡില്‍ രണ്ട് വലിയ മാവുകള്‍ വീണു. സമീപത്തുണ്ടായിരുന്ന തട്ടുകടക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോലഴിയില്‍ പൂവണി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളില്‍ തെങ്ങ് വീണും അപകടമുണ്ടായി.
കുന്നംകുളത്ത് കാണിപ്പയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ശക്തമായ കാറ്റില്‍ മുനക്കക്കടവ് അഴിമുഖത്ത് മീന്‍ പിടിക്കാനിറങ്ങിയ മത്സ്യബന്ധനവള്ളം അപകടത്തില്‍പെട്ടു. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കനത്ത കാറ്റില്‍ എരുമപ്പെട്ടിയില്‍ വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. ചാവക്കാടും, പാപ്പാളിയിലും കാറ്റില്‍ വ്യാപക നഷ്ടമാണുണ്ടായി. കാഞ്ഞാണിയില്‍ മിന്നല്‍ ചുഴലിയില്‍ തെങ്ങിന്‍ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. അതിരപ്പിള്ളിയില്‍ മരച്ചില്ല പൊട്ടി വീണ് കോഴിക്കോട് സ്വദേശിയായ വിനോദസഞ്ചാരി സിജു പി വിന്‍സെന്റിന് പരിക്കേറ്റു. പാവറട്ടി സര്‍സൈദ് സ്‌കൂളിലെ ടെറഫിന്റെ ഇരുമ്പ് കാലുകളും തകര്‍ന്നു വീണു