സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിൽ ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ, എം. കെ മുനീർ, കെ.പി.എ മജീദ് എന്നിവർ സെമിനാറിൽ പങ്കെടുക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തു.
സി.പി.എം പോലെ കേരളത്തിൽ മാത്രം ഭരണത്തിലുള്ള ഒരു പാർട്ടിക്ക് ദേശീയതലത്തിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിമിതി ഉണ്ട് എന്നും ലീഗ് വിലയിരുത്തി
ലീഗ് സിപിഎം സെമിനാറിൽ പോയാൽ കേരള രാഷ്ട്രീയത്തിൽ അത് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി മാറ്റാനുള്ള സിപിഎം ശ്രമങ്ങൾ വലിയ സമ്മർദമാണ് യുഡിഎഫിൽ ഉണ്ടാക്കുന്നത്
അടുത്ത ലോകസഭ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി എൽഡിഎഫിലേക്കുള്ള ക്ഷണത്തിന്റെ കാര്യത്തിൽ ലീഗ് അന്തിമ തീരുമാനമെടുക്കും എന്നാണ് അറിയുന്നത്
ദേശീയതലത്തിൽ ഏകീകൃത സിവിൽ കോഡിനെതിരെ നിലപാടെടുത്താൽ ഉത്തരേന്ത്യയിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയത്താൽ ഇതുവരെ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് നിലപാട് പറയാത്ത കോൺഗ്രസിൽ സിവിൽ കോഡ് വിഷയത്തിൽ ഇനി ലീഗ് ശക്തമായ സമ്മർദ്ദം ചെലുത്തും
കൊച്ചി: കേന്ദ്രസർക്കാർ ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ച യൂണിഫോം സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് ശനിയാഴ്ച സംഘടിപ്പിക്കുന്ന സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. രാവിലെ 9.30 തിന് പാണക്കാടാണ് യോഗം. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നു.
ഏക സിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്.
ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.